ന്യൂഡൽഹി:പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് സിബിഎസ്‌ഇ. ജൂണ്‍ 28നകം വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനാണ് സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
വിവിധ സര്‍വകലാശാലകളിലെ കോളജ് പ്രവേശനം കണക്കിലെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ് സിബിഎസ്‌ഇ. ഇതിന്റെ ഭാഗമായാണ് 28നകം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്‌ഇ നിര്‍ദേശം നല്‍കിയത്. ഇനിയും പൂര്‍ത്തിയാവാനുള്ള ഇന്റേണല്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനും സിബിഎസ്‌ഇ അനുമതി നല്‍കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. പകരം ഇതുവരെയുള്ള പ്രകടനം വിലയിരുത്തി മാര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്റേണല്‍ പരീക്ഷ നടത്തേണ്ട വിഷയങ്ങളുടെ പട്ടിക സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്റേണല്‍ അസസ്‌മെന്റിന് തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും പരമാവധി നല്‍കാവുന്ന മാര്‍ക്ക് സംബന്ധിച്ചും സിബിഎസ്‌ഇ രൂപം നല്‍കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ഇന്റേണല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി നല്‍കിയതായി സിബിഎസ്‌ഇയുടെ സര്‍ക്കുലറില്‍ പറയുന്നു.