ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്. ഇതോടൊപ്പം സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് സ്‌കൂളുകള്‍ക്ക് സമയം നീട്ടി നില്‍കിയിരിക്കുന്നത്.
നേരത്തെ ജൂണ്‍ 11-നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച് ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ അധ്യാപകരുടെ സുരക്ഷകൂടി പരിഗണിച്ചാണ് സി.ബി.എസ്.ഇ നീക്കം.
അതേസമയം സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളും റദ്ദാക്കുന്ന കാര്യം ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ സംഘടിപ്പിക്കുന്ന പ്രായോഗികമല്ലെന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്. ജൂണ്‍ ഒന്ന് വരെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെങ്കിലും പരീക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം.
എന്നാല്‍ പരീക്ഷ റദ്ദാക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്. ബോര്‍ഡ് നീക്കത്തിനെതിരെ കേരളത്തില്‍ നിന്നുള്ള ടോണി ജോസഫ് എന്ന അധ്യാപകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അന്യായമായ തീരുമാനമായിരിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടി.