ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. വിദ്യാര്‍ഥികളെ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കൊവിഡി പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്. പരീക്ഷ റദ്ദാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തണമെന്നായിരുന്നു അഭിപ്രായം അറിയിച്ചത്.
വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ ഉത്കണ്ഠയുണ്ട്. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്താകെ സ്‌ഫോടനാത്മകമായ കോവിഡ് സാഹചര്യം നിലനില്‍ക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ ഫലപ്രദമായ രീതിയില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും ലോക്ക്ഡൗണിലാണ്. അത്തരമൊരു സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യത്തെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും സ്വാഭാവികമായും ആശങ്കാകുലരാണ്.
വിദ്യാര്‍ഥി സൗഹാര്‍ദപരമായ തീരുമാനത്തിലെത്താനായതില്‍ അഭിനന്ദനം അറിയിക്കുന്നതായും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം അറിയിച്ച സംസ്ഥാനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.