തിരുവനന്തപുരം:സംഗീതഞ്ജന്‍ ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം കേരള പോലീസില്‍ നിന്നും സി.ബി.ഐ ഏറ്റെടുത്തു. മുഖ്യമന്ത്രിക്കു ബാലഭാസ്കറിനറെ പിതാവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാര്‍ ഡിസംബറില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.
2018 സെപ്റ്റംബർ 25നായിരുന്നു അപകടം. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പം ദുരൂഹതയ്ക്ക് കാരണമായി.
അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫൊറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.
ബാലഭാസ്കാറിന്റെ മുന്‍ മാനേജര്‍ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നു. ഇതോടെ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് അവസാനം ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.