27.7 C
Kottayam
Thursday, March 28, 2024

ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയ്ക്കും കുടുംബത്തിനും കൊവിഡ്‌

Must read

ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു‌. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കും കുടുംബത്തിനും ചെറിയ പനി വന്നു. പനി കുറഞ്ഞെങ്കിലും ഞങ്ങള്‍ ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണ്. തുടര്‍ന്ന്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റൈനീല്‍ കഴിയുകയാണ്.

ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങളില്ല. വലിയ പ്രശ്‌നങ്ങള്‍ ഇല്ല. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തുനില്‍ക്കുകയാണ്. എസ് എസ് രാജമൗലി ട്വിറ്ററില്‍ കുറിച്ചു. രൗജമൗലിക്ക് മുന്‍പ് നേരത്തെ ചില നടീനടന്മാര്‍ക്ക് തെലുങ്കില്‍ കോവിഡ് സ്ഥീരികരിച്ചിരുന്നു.

ബാഹുബലി സീരിസിലൂടെ ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ സംവിധായകനായി ഉയര്‍ന്ന ആളാണ് എസ് എസ് രാജമൗലി. ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നിരവധി ആരാധകരെയും സംവിധായകന് ലഭിച്ചിരുന്നു. ലോകമെമ്പാടുമായി വലിയ വിജയമാണ് ബാഹുബലി സീരിസ് നേടിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ബാഹുബലി സീരിസിന് പുറമെ തെലുങ്കില്‍ മഗദീര, ഈഗ തുടങ്ങിയ സിനിമകള്‍ ഒരുക്കിയും എസ് എസ് രാജമൗലി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാഹുബലി സീരിസിന് പിന്നാലെ രാംചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ നായകന്മാരാക്കി കൊണ്ടുളള രൗദ്രം രണം രുധിരം എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കവേയാണ് കോവിഡ് വ്യാപനം ഉണ്ടായത്. നേരത്തെ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍, അനൂപം ഖേര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്കും കോവിഡ് സ്ഥീരികരിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ഫലം നെഗറ്റീവായത്. തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടിരുന്നു. നിലവില്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേകും ആശുപത്രിയില്‍ തന്നെ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week