കുറ്റിപ്പുറം • വീടുകളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. മാണിയങ്കാടുള്ള വിൽപനക്കാരൻ വീടുകളിൽ മത്സ്യം വിൽക്കുന്നതിനിടെയാണ് സംഭവം.
ഇയാളിൽ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകൾക്ക് മീനുകൾ ഇട്ടു നൽകിയിരുന്നു. മീൻ തിന്നതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചത്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ മീൻ വിൽപന തടയുകയും നേരത്തേ ഇയാളിൽ നിന്ന് മീൻ വാങ്ങിയ വീടുകളിൽ എത്തി വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് നാട്ടുകാർ മീൻ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു.മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ എത്തിച്ചു പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായെന്നു കോട്ടയ്ക്കൽ ഫുഡ് സേഫ്റ്റി ഓഫിസർ കെ.ദീപ്തി അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂർ മാർക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.