ഒമിക്രോണ്‍: രണ്ട് ദിവസങ്ങള്‍ക്കിടയില്‍ ലോകത്ത് റദ്ദാക്കിയത് 4500-ഓളം വിമാനങ്ങള്‍
ന്യൂയോർക്ക്: ഒമിക്രോൺ വ്യാപനം ആശങ്കയായി തുടരവെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ലോകത്ത് ഏകദേശം 4500 യാത്രാവിമാനങ്ങൾ ലോകത്ത് റദ്ദാക്കപ്പെട്ടു. ക്രിസ്മസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ മുടങ്ങി.
പൈലറ്റുമാർ, മറ്റുജീവനക്കാർ തുടങ്ങിയവർക്ക് കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധംപുലർത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് മിക്കവാറും വിമാനങ്ങൾ റദ്ദാക്കപ്പെടാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
റദ്ദാക്കപ്പെട്ട വിമാന സർവീസുകളിൽ നാലിലൊന്നും യുഎസിലാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ സമീപ ദിവസങ്ങളിലായി കുത്തനെ ഉയർന്നിട്ടുണ്ട്.
മറ്റുവകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കേസുകൾ ക്രമാതീതമായി കൂടുന്നത് ആശങ്കക്കയ്ക്കിടയാക്കുന്നുണ്ട്. കേസുകൾ കുതിച്ചുയർന്നതോടെ യൂറോപ്പിൽ നിയന്ത്രണം കർശനമാക്കിത്തുടങ്ങിയിട്ടുണ്ട്.
ഇറ്റലി, സ്പെയിൻ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ പുറത്തിറങ്ങുന്നതിന് മാസ്ക് വീണ്ടും നിർബന്ധമാക്കി. ക്രിസ്മസ് ദിനത്തിന് ശേഷം മിക്ക യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണത്തിലേക്ക് കടക്കുമെന്ന് ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.