ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി, വഫാ ഫിറോസ് രണ്ടാം പ്രതി; കുറ്റപത്രം തയ്യാറായി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഒന്നാം പ്രതി. വെങ്കിട്ടരാമനെ ഒന്നാം പ്രതിയായി പോലീസ് കുറ്റപത്രം തയാറാക്കി. വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് ബഷീര്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനു സമീപം പബ്ലിക് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബഷീറിന്റെ ബൈക്കിനു പിറകില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അമിതവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.