32.8 C
Kottayam
Friday, April 26, 2024

പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വർണ്ണവും പണവും കവര്‍ന്ന കേസ്; മുഖ്യപ്രതികൾ അറസ്റ്റിൽ

Must read

പാലക്കാട്: പാലക്കാട് കല്‍മണ്ഡപത്ത് പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമൽ, ബഷീറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. വീട്ടുടമസ്ഥന്‍റെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായ തൗഫീഖാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് പേര്‍ ഓട്ടോറിക്ഷയിൽ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ അന്‍സാരിയുടെ വീട്ടിലെത്തി. തുടർന്ന് വെള്ളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു. ഷെഫീനയെ കെട്ടിയിട്ട ശേഷം ‌വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും പ്രതികള് കവര്‍ന്നു. കവര്‍ച്ചക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് പ്രതികൾ സ്ഥലം വിട്ടത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ 4 പ്രതികള്‍ വലയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മുഖ്യ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.

 

കേസിലെ മുഖ്യ ആസൂത്രകൻ തൗഫീഖാണ്. വീട്ടുടമയായ അൻസാരിയുടെ പാലക്കാട് നഗരത്തിലുള്ള മെഡിക്കൽ ഷോപ്പിൽ 7 വർഷമായി ജീവനക്കാരനാണ് തൗഫീഖ്. അൻസാരിയുടെ വീട്ടിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നതായി തൗഫീക്കിന് അറിയാമായിരുന്നു. തൗഫീഖ് കവർച്ചയ്ക്ക് സുഹൃത്തുക്കളായ ബഷീറുദീന്‍റെയും വിമലിന്‍റെയും സഹായം തേടി. ഇതിനായി ആളുകളെ നിയോഗിച്ചു. ഒരു ചാരിറ്റി സംഘടനയും അൻസാരിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ അവരാണ് മോഷണത്തിന് പിന്നിലെന്ന് വരുത്തി തീർക്കാൻ പ്രതികൾ ശ്രമിച്ചു. സംഭവ ദിവസം പ്രതികൾ കൂട്ടിക്കെട്ടിയ ഷെഫീനയുടെ കൈയിലെ കയർ അഴിച്ചു കൊടുത്തത് തൗഫീഖാണ്. കഴിഞ്ഞ ദിവസം വരെ അൻസാരിക്കും കുടുംബത്തിനുമൊപ്പം പരാതി കൊടുക്കാനും കേസിന്‍റെ നടത്തിപ്പിനും ഓടി നടക്കൻ തൗഫീക്കുമുണ്ടായിരുന്നു.

എന്നാൽ, സിസിടിവി ദൃശ്യകളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പ്രതികൾക്ക് തിരിച്ചടിയായത്. പാലക്കാട് വടവന്നൂര്‍ സ്വദേശികളായ സുരേഷ്, വിജയകുമാര്‍, നന്ദിയോട് സ്വദേശി റോബിന്‍, വണ്ടിത്താവളം സ്വദേശി പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾ കോയമ്പത്തൂരിൽ കൊണ്ടുപോയി വിറ്റതായി പ്രതികൾ മൊഴി നൽകി. കവർച്ച പോയ പണം പൊലീസ് വീണ്ടെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week