KeralaNews

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്; ഇരിക്കൂര്‍ സ്വദേശിക്കെതിരേ കേസ്

ശ്രീകണ്ഠപുരം: വ്യാജ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയതിന് ഇരിക്കൂര്‍ പെരുവളത്തുപറമ്പ് സ്വദേശിയായ ട്രാവല്‍സ് ഉടമക്കെതിരേ കേസെടുത്തു. പെരുവളത്തുപറമ്പ് കുളിഞ്ഞ റോഡിലെ ബ്യൂട്ടി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ അസീറിനെതിരേയാണ് ഇരിക്കൂര്‍ പോലീസ് കേസെടുത്തത്.

സംഭവത്തിനു ശേഷം ഇയാള്‍ മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ പ്രധാനമായും സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ലാബായ ഡിഡിആര്‍സിയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയത്. ലാബിന്റെ പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്താണ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചത്. സാംപിള്‍ ശേഖരണമോ പരിശോധനയോ ഇല്ലാതെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്കാണ് കൂടുതലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. അത്യാവശ്യ യാത്രകള്‍ക്ക് ടിക്കറ്റെടുക്കാനെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുളളില്‍ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കും. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും 250 രൂപയുമാണ് ഈടാക്കിയിരുന്നത്.

നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ഗൂഗിള്‍പേ വഴി പണം കൈമാറിയാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പില്‍ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചില ട്രാവല്‍സ് നടത്തിപ്പുകാര്‍ ഇയാളുമായി ബന്ധപ്പെട്ടിരുന്നതായും ഇവര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയതായും വിവരമുണ്ട്. സംഭവത്തിന് പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന സൂചന.

നേരത്തെ പെരുവളത്തുപറമ്പ് പെട്രോള്‍പമ്പിന് സമീപം സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ അടുത്തകാലത്തായി ഓഫീസ് വീട്ടിലേക്ക് മാറ്റുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായുള്ള വിവരം ചില യാത്രക്കാര്‍ തന്നെ പുറത്തുവിട്ടതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. ഡിഡിആര്‍സി മാനേജരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും ജാമ്യമില്ലാവകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി ഇരിക്കൂര്‍ എസ്‌ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button