സ്റ്റണ്ട്മാന്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ.രഞ്ജിത്തടക്കം നാല് പേര്‍ക്കെതിരെ കേസ്; വെെറലായി മോഹന്‍രാജിൻ്റെ പഴയ വീഡിയോ

നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ മോഹന്‍രാജ് മരിച്ച സംഭവത്തില്‍ സംവിധായകന്‍ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സ്റ്റണ്ട് കോര്‍ഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹന്‍രാജ് (52) ആണ് മരിച്ചത്. അപകടത്തിനു പിന്നാലെ ഹൃദയാഘാതമുണ്ടായ മോഹന്‍രാജിനെ നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി. കീലയൂര്‍ പൊലീസ് പരിധിയിലുള്ള ആലപ്പക്കുടിയില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഞായറാഴ്ചയാണ് സംഭവം.

പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ സംവിധായകന്‍ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ വിനോദ്, നിര്‍മാതാക്കളായ നീലം പ്രൊഡക്ഷന്‍സിന്റെ ചുമതലയുള്ള രാജ്കമല്‍, പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്സാക്ഷികളില്‍ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

അതേ സമയം മോഹന്‍രാജിന്റെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതും ഒരു സിനിമാ ലൊക്കേഷനില്‍വച്ചുള്ളതാണ്. നടനും സംവിധായകനും നൃത്ത സംവിധായകനുമായ രാഘവാ ലോറന്‍സിന്റെ സഹോദരന്‍ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറിഞ്ഞ്, തകര്‍ന്നുകിടക്കുന്ന കറുത്ത കാറിനുള്ളില്‍നിന്ന് ഇറങ്ങി വരുന്ന മോഹന്‍രാജാണ് വീഡിയോയിലുള്ളത്. കാറില്‍നിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ ആലിം?ഗനം ചെയ്തും പുറത്ത് തട്ടിയുമെല്ലാം അഭിനന്ദിക്കുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം വേച്ചുകൊണ്ട് ആംബുലന്‍സിലേക്ക് കയറുകയാണ്. സമാനരീതിയിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച മോഹന്‍രാജ് അപകടത്തില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News