ബെംഗളൂരു: രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയാണ് ബെംഗളൂരു. വാഹനങ്ങളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്ക് ഉയര്‍ന്ന് വരികയാണ്. ഈസ് മെെ ട്രിപ്പ് സഹസ്ഥാപകനായ പ്രശാന്ത് പിറ്റി ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു പുതിയ ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ഗൂഗിൾ മാപ്‌സ് ഡാറ്റ എന്നിവ ഉപയോഗിച്ച് നഗരത്തിലെ പ്രധാന ഗതാഗത തടസ്സങ്ങൾ കണ്ടെത്താനും പരിഹരിക്കാനും പ്രശാന്ത് ഒരുകോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഔട്ടർ റിങ് റോഡിൽ (ഒആർആർ) 11 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തതിൽ അസ്വസ്ഥനായ അദ്ദേഹം, തൻ്റെ ആശയം സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു.
‘ഒആർആറിലെ ഗതാഗതക്കുരുക്കിൽ ഞാൻ കുടുങ്ങി. അവിടെ ട്രാഫിക് ലൈറ്റോ പോലീസോ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ 100 മിനിറ്റ് ചെലവഴിച്ചു! എനിക്കിത് പരിഹരിക്കണം. ഈ പ്രോജക്റ്റിനായി ഞാൻ ഒരുകോടി രൂപ ചെലവഴിക്കാൻ തയ്യാറാണ്. 1-2 സീനിയർ എംഎൽ/എഐ എൻജിനീയർമാർക്ക് ഫണ്ട് നൽകും. ഗൂഗിൾ മാപ്‌സ് എപിഐ കോളുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, ജിപിയുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള പണം നൽകും’, അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കളിൽനിന്ന് കാര്യമായ പ്രതികരണം ലഭിച്ചതിനെത്തുടർന്ന്, വ്യക്തികൾക്ക് താനുമായി ബന്ധപ്പെടാനും അവർക്ക് സംരംഭത്തിൽ നൽകാൻ കഴിയുന്ന വൈദഗ്ധ്യം പങ്കുവെക്കാനുമായി അദ്ദേഹം ഗൂഗിൾ ഫോം എക്സിൽ പങ്കുവെച്ചു.
അവസാന അപ്‌ഡേറ്റ് പ്രകാരം, പോസ്റ്റിന് നാലായിരത്തിലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. ഭൂരിഭാഗം പേരും ഈ നീക്കത്തെ പ്രശംസിച്ചപ്പോൾ മറ്റുള്ളവർ ഈ സംരംഭം എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
രാജ്യത്തിൻ്റെ ടെക് തലസ്ഥാനമായതിനാൽ, ബെംഗളൂരുവിലെ ജനസംഖ്യ അതിവേഗം വർധിക്കുകയാണ്. 13 ദശലക്ഷത്തിലധികം താമസക്കാരും ദശലക്ഷക്കണക്കിന് വാഹനങ്ങളും റോഡുകളിൽ ഗതാഗത കുരുക്കുണ്ടാക്കുന്നു. ഇടുങ്ങിയ തെരുവുകൾ, അപര്യാപ്തമായ പൊതുഗതാഗത സംവിധാനം, നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ പ്രശ്നം കൂടുതൽ വഷളാക്കുന്നു.
തിരക്കേറിയ സമയങ്ങളിലെ യാത്രകൾ മണിക്കൂറുകളോളം നീളാം. ഇത് ഉത്പാദനക്ഷമതയെയും ജീവിത നിലവാരത്തെയും ബാധിക്കുന്നു. മെട്രോ വിപുലീകരണങ്ങളും ട്രാഫിക് മാനേജ്‌മെന്റ് ആപ്പുകളും പോലുള്ള സംരംഭങ്ങൾ ഉണ്ടായിരുന്നിട്ടും, മോശം നഗരാസൂത്രണവും ഉയർന്ന വാഹന സാന്ദ്രതയും കാരണം വെല്ലുവിളികൾ നിലനിൽക്കുകയാണ്.

