വാർത്ത മുക്കാൻ സിപിഐ എം നേതാവിൽ നിന്ന് പണം ആവശ്യപ്പെട്ട് ഭീഷണിയെന്ന് പരാതി,മറുനാടൻ മലയാളി ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തു

അടൂർ:സിപിഐ എം അടൂർ ഏരിയ സെക്രട്ടറിയും ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. എസ് മനോജിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ഓൺലൈൻ ചാനൽ മറുനാടൻ മലയാളിയുടെ മാനേജിങ് ഡയറക്ടർ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തു. ഷാജൻ സ്‌കറിയക്കുപുറമെ ഓൺലൈൻ ജില്ലാ ലേഖകൻ വൈശാഖൻ, പ്രദേശിക ലേഖകൻ അരുൺ നെല്ലിമുകൾ എന്നിവർക്കെതിരെയും അടൂർ പൊലീസ്‌ കേസെടുത്തു.

മനോജിനെതിരെ നിരന്തരം അപകീർത്തിപരമായ വാർത്തകൾ മറുനാടൻ മലയാളിയിൽ നൽകിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആഗസ്റ്റ് 19ന് പകൽ 12ന് മൊബൈൽ ഫോണിൽ നിന്നും ഷാജൻ സ്‌കറിയ മനോജിനെ വിളിച്ച് വാർത്ത നൽകുന്നത് നിർത്താൻ സെറ്റിൽമെന്റിന് തയ്യാറാണെന്ന് പറഞ്ഞു.

ഒന്നാം കക്ഷിയായ ഷാജൻ സഖറിയ്ക്ക് 5 ലക്ഷം രൂപയും രണ്ടാം കക്ഷിയായ വൈശാഖന് മൂന്നു ലക്ഷം രൂപയും മൂന്നാം കക്ഷിയായ അരുൺ നെല്ലിമുകളിന് രണ്ട് ലക്ഷം രൂപയും നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ രാഷ്ടീയ ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മനോജ് പൊലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞതായും ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News