ദിലീപിൻ്റെ പരാതിയിൽ നികേഷ് കുമാറിനെതിരെ കേസെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങൾ പുറത്തു വിടുന്നുവെന്ന പ്രതി ദിലീപിൻ്റെ പരാതിയിൽ റിപ്പോർട്ടർ ചാനൽ എം.ഡി. എം.വി.നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് നടൻ നൽകിയ പരാതി ഡി.ജി.പിയ്ക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് ഇൻഫോപാർക്ക് സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്തത്. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഡിജിപിക്ക് കോടതി നോട്ടീസയച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
രഹസ്യവിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യത്തില്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവ്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. വിചാരണക്കോടതി ഉത്തരവ് ലംഘിച്ചാല്‍ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ ചാനലിലൂടെയാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയും മറ്റു ആറുപേരെയും ചേര്‍ത്ത ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് തന്നോടുള്ള വൈരാഗ്യം മൂലമാണ് കേസെന്നായിരുന്നു ദിലീപ് പ്രതികരിച്ചത്.
നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിലെ ഫോൺ കൈമാറ്റ വിഷയത്തിൽ നടൻ ദിലീപിന് ഇന്ന് ഹൈക്കോടതിയിൽ വൻ തിരിച്ചടി നേരിട്ടിരുന്നു.തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. ദിലീപിന്റേയും കൂട്ടുപ്രതികളുടേതും അടക്കം ആറ് ഫോണുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കണം. തെളിവുകൾ നൽകാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ വാദങ്ങളെ പൂർണമായി കോടതി തള്ളി.
ദിലീപ് ഫോണുകൾ സ്വന്തം നിലയിൽ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു ഫോണുകൾ ഹാജരാക്കണമെന്ന കോടതിയുടെ നിർദ്ദേശം. വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിൽ സംതൃപ്തരല്ലെങ്കിൽ നിങ്ങൾ വേണമെങ്കിൽ സുപ്രീംകോടതിയിൽ പോകൂ എന്നും ഹൈക്കോടതി പറഞ്ഞു.
ഇന്ത്യൻ എവിഡൻസ് ആക്ട്, ഇൻഫർമേഷൻ ആക്ട് എന്നിവ പ്രകാരം പ്രതിക്ക് ഫോണുകൾ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി. നാല് ഫോണുകളുടെ കാര്യമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. എന്നാൽ മൂന്ന് ഫോണുകളാണ് ഉള്ളതെന്നും അതിൽ രണ്ടെണ്ണമാണ് ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുന്നതെന്നും ദിലീപ് അറിയിച്ചു.
തന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ലാബിലേക്ക് അയച്ചതായി ദിലീപ് കോടതിയെ അറിയിച്ചു. ആർക്കാണ് ഇത്തരത്തിൽ പരിശോധനക്ക് അയക്കാൻ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജൻസികൾക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലത്തിന് തെളിവ് നിയമപ്രകാരം സാധുതയില്ലെന്നും കോടതി ആമുഖമായി പറഞ്ഞു. സ്വന്തം നിലയിൽ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി ആവർത്തിക്കുകയായിരുന്നു.
പോലീസും മാധ്യമങ്ങളും ചേർന്ന് വേട്ടയാടുന്നുവെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു. 2017 മുതലുള്ള സന്ദേശങ്ങൾ വീണ്ടെടുക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നുമാണ് ദിലീപിന്റെ വാദം. കോടതി ദയ കാണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത് ദയയുടെ കാര്യമല്ലെന്നായിരുന്നു കോടതിയുടെ മറുപടി.
2017 ൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസാണിതെന്ന് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണ് ക്രൈംബ്രാഞ്ച് മെനയുന്നത്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വിശ്വാസമില്ല. അത് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. ദിലീപിന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നും ദിലീപ് ആരോപിച്ചു.
എന്നാൽ, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണം പ്രോസിക്യൂഷൻ ആവർത്തിച്ചു. 2017 ഡിസംബറിൽ എം ജി റോഡിലെ ഫ്ളാറ്റിൽ വെച്ചും 2018 മെയിൽ പോലീസ് ക്ലബ്ബിൽ വെച്ചും 2019 ൽ സുഹൃത്ത് ശരത്തും സിനിമ നിർമാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.