അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് ഗുണ്ടൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ജഗന് പുറമെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇ-മെയിൽ വഴി ഒരു മാസം മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വധശ്രമം, കസ്റ്റഡി മർദനം തുടങ്ങിയ ആരോപണങ്ങളാണ് എം.എൽ.എ. തന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തനിക്കെതിരേ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
2021 മേയ് 14-നാണ് പരാതിക്ക് ആസ്പദമായ സംഭവം. ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ സി.ബി സി.ഐ.ഡി തനിക്കെതിരേ കള്ളക്കേസെടുത്ത് നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി പോലീസ് വാഹനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് മർദിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയായിട്ടും എനിക്ക് മരുന്ന് നൽകിയില്ലെന്നും എം.എൽ.എ ആരോപിക്കുന്നു.
Follow