EntertainmentNationalNews

കരിയർ ​ഗ്രാഫ് കൂപ്പുകുത്തി; പരാജയങ്ങൾക്കിടെ ആഡംബര വീട് വാടകയ്ക്ക് നൽകി പ്രഭാസ്

ഹൈദരാബാദ്‌:പ്രഭാസിന്റെ കരിയറിനേറ്റ ഇടിത്തീ ആയാണ് ആദിപുരുഷ് എന്ന സിനിമയെ ആരാധകർ കാണുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയ നടൻ അത്രയധികം പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഈ സിനിമയുടെ പേരിൽ കേട്ടു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആദിപുരുഷിന് കാഴ്ചക്കാരില്ലാത്തതിനാൽ ചില തിയറ്ററുകളിൽ പ്രദർശനം ഒഴിവാക്കി. കാർട്ടൂണിന് സമാനമായ ​വിഎഫ്എക്സാണ് സിനിമയിലെന്നാണ് പ്രധാന വിമർശനം. പ്രഭാസ്, സെയ്ഫ് അലി ഖാൻ എന്നിവരെ അവതരിപ്പിച്ച രീതിയും കുറ്റപ്പെടുത്തലുകൾക്ക് കാരണമായി.

ബാഹുബലി റിലീസ് ചെയ്ത സമയത്ത് സ്ക്രീൻ പ്രസൻസിൽ പ്രഭാസിന് പകരം വെക്കാൻ മറ്റൊരു നടൻ ഇല്ലെന്ന് പ്രേക്ഷകർ വാഴ്ത്തിയിരുന്നു. എന്നാൽ അതേ പ്രഭാസിനെ ആദിപരുഷിൽ കണ്ടതോടെ ആരാധകർ നിരാശരായി. 43 കാരനായ പ്രഭാസിന് ഇക്കഴിഞ്ഞ വർഷങ്ങളിൽ രൂപത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ട്രോളുകൾക്കിടെ പഴയ പ്രഭാസിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

 Prabhas

ആദിപുരുഷിന്റെ പരാജയം കരിയർ ​ഗ്രാഫിൽ വലിയ ഇടിവാണ് പ്രഭാസിനുണ്ടാക്കിയിരിക്കുന്നതെന്ന് ആരാധകരും സമ്മതിക്കുന്നു. ഇതിന് മുമ്പിറങ്ങിയ രാധേ ശ്യാം എന്ന സിനിമയും പരാജയമായിരുന്നു. താരമൂല്യം ഇടിഞ്ഞ പ്രഭാസിന് കരിയറിൽ ഒരു വലിയ ഹിറ്റ് അനിവാര്യമായിരിക്കുകയാണ്. ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ട് കെ, സലാർ എന്നീ സിനിമകളിലാണ് ആരാധകരുടെ മുഴുവൻ പ്രതീക്ഷയും.

പ്രഭാസിന്റെ പരാജയം ചർച്ചയായിരിക്കെ നടനെക്കുറിച്ചുള്ള പുതിയൊരു വാർത്തയാണ് തെലുങ്ക് മാധ്യമങ്ങളിൽ നിന്നും പുറത്ത് വരുന്നത്. ഇറ്റലിയിലുള്ള നടന്റെ ആഡംബര വസതി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. അവധിക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം പ്രഭാസ് സമയം ചെലവഴിക്കുന്ന വീടായിരുന്നു ഇത്. മാസം 40 ലക്ഷം രൂപയ്ക്ക് വീട് ടൂറിസ്റ്റുകൾക്ക് വാടകയ്ക്ക് നൽകിയെന്നാണ് വിവരം.

സൂപ്പർ സ്റ്റാറുകളിൽ സമ്പന്നനാണ് പ്രഭാസ്. ഹൈദരാബാദിൽ നടൻ താമസിക്കുന്ന ബം​ഗ്ലാവ് 65 കോടി രൂപ വിലമതിക്കുന്നതാണ്. ആദിപുരിഷിൽ അഭിനയിക്കാൻ 100 കോടിയാണ് നടൻ വാങ്ങിയ പ്രതിഫലമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രതികരണമൊന്നും വന്നില്ല. കരിയറിലെ തിരക്കുകളിലായിരുന്നു ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രഭാസ്.

 Prabhas

നാൽപത് കഴിഞ്ഞിട്ടും നടൻ അവിവാഹിതനായി തുടരുന്നതിനെക്കുറിച്ചും ആരാധകർക്ക് ചോദ്യങ്ങളുണ്ട്. മുമ്പൊരിക്കൽ തന്റെ വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് പ്രഭാസ് സംസാരിച്ചിരുന്നു. വിവാഹിതനാവാൻ അമ്മ നിർബന്ധിച്ചിരുന്നു. ബാഹുബലിയുടെ ഷൂട്ടിം​ഗ് കഴിഞ്ഞതിന് ശേഷം ആലോചിക്കാമെന്നാണ് അന്ന് നൽകിയ മറുപടിയെന്നും പ്രഭാസ് വ്യക്തമാക്കി. എന്നാൽ ബാഹുബലി റിലീസ് ചെയ്ത് ഏറെനാൾ ആയിട്ടും പ്രഭാസ് വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല.

അടുത്തിടെ നടി കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പരന്നിരുന്നു. അഭ്യൂഹങ്ങൾ കടുത്തതോടെ കൃതി വാർത്തകൾ നിഷേധിച്ച് രം​ഗത്തെത്തി. അനുഷ്ക ഷെട്ടിയാണ് ഇതിന് മുമ്പ് പ്രഭാസിനൊപ്പം ​പ്രണയ ​ഗോസിപ്പുകൾ വന്ന താരം. ഇരുവരും മിർച്ചി, ബില്ല, ബാഹുബലി എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് പ്രഭാസ്-അനുഷ്ക ​പ്രണയം ചർച്ചയായത്. വാർത്തകൾ രണ്ട് പേരും നിഷേധിച്ചു. പ്രഭാസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നാണ് അനുഷ്ക ഷെട്ടി വ്യക്തമാക്കിയത്.

​ഗോസിപ്പുകൾക്കും പരാജയങ്ങൾക്കുമിടയിലും പഴയ പ്രഭാസ് തിരിച്ചു വരണമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തെലുങ്കിൽ പ്രഭാസിന് ഇപ്പോഴുമുള്ള ആരാധകവൃന്ദം ചെറുതല്ല. രാം ചരൺ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന സൂപ്പർസ്റ്റാറാണ് പ്രഭാസ്. റിലീസ് ചെയ്യാനുള്ള സിനിമകൾ നടന്റെ കരിയറിന് പുതുജീവൻ നൽകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button