വയനാട്ടില്‍ വൻ കവര്‍ച്ച; വ്യവസായിയെ ആക്രമിച്ച് വാഹനം തട്ടിയെടുത്തു; പിന്നാലെ വാഹനം തകർത്ത് സ്റ്റെപ്പിനിയടക്കം നശിപ്പിച്ച് ഉപേക്ഷിച്ചു

സുല്‍ത്താന്‍ബത്തേരി: ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ വാഹനം ബത്തേരിക്കുസമീപം കല്ലൂരില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. വാഹനം പിന്നീട് മുള്ളന്‍കൊല്ലി പാടിച്ചിറയില്‍ നശിപ്പിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 9.30-ഓടെ ദേശീയപാതയില്‍ നൂല്‍പ്പുഴ കല്ലൂര്‍ പാലത്തിന് സമീപത്തായിരുന്നു സംഭവം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ വ്യവസായി സി.എസ്. സന്തോഷ്‌കുമാര്‍ (53), ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ജിനീഷ് (38) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ബിസിനസ് ആവശ്യത്തിനായി ബെംഗളൂരുവില്‍ പോയശേഷം മടങ്ങുകയായിരുന്നു ഇവര്‍. പാലത്തിനുസമീപം വാഹനം വേഗംകുറച്ചപ്പോള്‍ നമ്പര്‍പ്ലേറ്റില്ലാത്ത ഇന്നോവ കാറില്‍ ആയുധങ്ങളുമായെത്തിയ സംഘമാണ് ആക്രമിച്ചത്. ചില്ല് അടിച്ചുപൊട്ടിച്ച് ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തിറക്കി. ഇതിനിടെ മറ്റു രണ്ടുപേര്‍ സന്തോഷ്‌കുമാറിനെ പുറത്തിറക്കി മര്‍ദിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇരുവരും റോഡില്‍ കിടന്നതോടെ ശ്രമം ഉപേക്ഷിച്ച് സംഘം ഇവരുടെ കാറുമെടുത്ത് പോകുകയായിരുന്നു.

പത്തുമിനിറ്റിനുള്ളിലാണ് ഇതെല്ലാം നടന്നതെന്ന് സന്തോഷ്‌കുമാര്‍ പറഞ്ഞു. ആയുധങ്ങളുമായി എട്ടോളംപേരാണ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന്, ഇതുവഴിവന്ന മറ്റൊരു വാഹനഡ്രൈവറുടെ സഹായത്തോടെ ബത്തേരി പോലീസില്‍ അറിയിക്കുകയും ആ വാഹനത്തില്‍ ബത്തേരിയിലെത്തുകയുമായിരുന്നു.

ബുധനാഴ്ച രാവിലെ ആറോടെ മുള്ളന്‍കൊല്ലി തറപ്പത്ത് കവല ഭാഗത്ത് നശിപ്പിച്ചനിലയില്‍ വാഹനം കണ്ടെത്തി. ഉള്‍ഭാഗവും പിന്നിലും കുത്തിക്കീറി നശിപ്പിച്ചിരുന്നു. ബാഗുകളും ലാപ്ടോപ്പും ഡയറിയും വിലകൂടിയ മൊബൈല്‍ ഫോണുമടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുഴല്‍പ്പണമോ സ്വര്‍ണമോ കടത്തിക്കൊണ്ടുപോകുന്നത് കവര്‍ച്ചനടത്തുന്ന സംഘമാണ് സംഭവത്തിനുപിന്നിലെന്നാണ് സംശയിക്കുന്നത്.

സംഘത്തെ തിരിച്ചറിയാനായിട്ടുണ്ടെന്നാണ് സൂചന. കുഴല്‍പ്പണവാഹനമാണെന്ന് കരുതിയാണ് അക്രമം നടത്തിയതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. പണവും സ്വര്‍ണവും വെക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലാണ് കുത്തിക്കീറിയിരിക്കുന്നത്. ഫൊറന്‍സിക് സംഘമെത്തി വാഹനത്തില്‍നിന്ന് വിരലടയാളമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ബത്തേരി ഡിവൈഎസ്പി പറഞ്ഞു.

വര്‍ഷങ്ങളായി ബിസിനസ് ആവശ്യാര്‍ഥം ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും ഇടയ്ക്കിടെ പോയിവരാറുണ്ട്. ആദ്യമായുണ്ടായ ദുരനുഭവത്തെക്കുറിച്ച് സന്തോഷ്‌കുമാര്‍ പറയുന്നതിങ്ങനെ: ”രാത്രി 8.45-ഓടെ സംസ്ഥാനാതിര്‍ത്തി കടന്നിരുന്നു. മുത്തങ്ങ കഴിഞ്ഞ് ഫോണിന് സിഗ്‌നല്‍ ലഭിച്ചുതുടങ്ങിയതോടെ കമ്പനിയിലെ ആളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് സംഭവം. കല്ലൂര്‍ പാലത്തിനടുത്തെത്തിയപ്പോള്‍ വാഹനം പതുക്കെയാക്കിയ സമയത്ത് റോഡരികില്‍ നമ്പര്‍പ്ലേറ്റില്ലാത്ത ഇന്നോവ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. ഇതേസമയത്ത് ഡ്രൈവറുടെ വശത്തിന്റെ പിന്‍ഭാഗത്തുനിന്ന് ചില്ല് പൊട്ടുന്ന ശബ്ദമാണ് കേട്ടത്. ശ്രദ്ധ പിന്നിലേക്ക് മാറിയപ്പോഴേക്കും ഡ്രൈവറുടെ ഭാഗത്തെ ചില്ല് ചുറ്റികകൊണ്ട് തകര്‍ത്തു.

ഒരാള്‍ അകത്തേക്ക് കൈയിട്ട് ഡ്രൈവറുടെ ഡോര്‍ തുറന്ന് വാഹനം ഓഫ് ചെയ്യാന്‍ നോക്കി. കീയില്ലാത്ത വാഹനമായതിനാല്‍ സാധിച്ചില്ല. മുന്നോട്ടുപോകാന്‍ നോക്കുമ്പോള്‍ മറ്റൊരു കാര്‍ കുറുകെയിട്ടിരുന്നു. എന്താണെന്ന് ചോദിക്കുന്നതിനൊന്നും മറുപടിയില്ല. ഇതോടെ ഡ്രൈവറെ സീറ്റുബെല്‍റ്റ് ഊരി പുറത്തിറക്കി. നാലോളംപേര്‍ ഡ്രൈവറെ പിടിച്ചുനില്‍ക്കുന്നതിനിടെ മുന്നിലൊരാള്‍ വന്ന് ഞാനിരുന്ന ഭാഗത്തെ ചില്ലുപൊട്ടിച്ചു. അയാളുടെ കൈയില്‍ കത്തിയുണ്ടായിരുന്നു. പുറത്തേക്കിറങ്ങാന്‍ പറഞ്ഞ് കത്തികൊണ്ട് സീറ്റ് ബെല്‍റ്റ് മുറിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന്, മറ്റൊരാളും ചേര്‍ന്ന് പുറത്തിറക്കി മര്‍ദിച്ചു. ഇതിനകം നമ്പറില്ലാതെ കണ്ട ഇന്നോവ പിന്നിലേക്ക് വന്നു. റോഡില്‍ കിടന്ന ഞങ്ങളെ ഈ വാഹനത്തിലേക്ക് കയറ്റാന്‍ കുറേ വലിച്ചുനോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെ മൂന്നാലുപേര്‍ ഇന്നോവ കാറിലും രണ്ടുപേര്‍ എന്റെ വാഹനത്തിലും കയറി ബത്തേരി ഭാഗത്തേക്ക് ഓടിച്ചുപോയി. ഞങ്ങളുടെ പിന്നില്‍ കുറേ വാഹനങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും നിര്‍ത്തിയില്ല. കുറച്ചുകഴിഞ്ഞെത്തിയ ഗുഡ്സ് വാഹനം നിര്‍ത്തുകയും ഡ്രൈവര്‍ ഇറങ്ങിവന്ന് സംഭവം അന്വേഷിച്ച് ബത്തേരി പോലീസില്‍ അറിയിച്ചു. എന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കാണാനില്ലായിരുന്നു. തെറിച്ചുപോയ ഷൂ തിരയുന്നതിനിടയില്‍ പൊട്ടിയ മാല കിട്ടി.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉള്‍വശവും പിന്നിലെ ബലമേറിയ പ്ലാറ്റ്ഫോമും അടക്കം കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്. പിന്നിലെ ലൈറ്റുകളോട് ചേര്‍ന്ന് കമ്പിപ്പാര കുത്തിയിറക്കി. പിന്നിലെ ബമ്പര്‍, ഡാഷ് ബോര്‍ഡ് എന്നിവ ഇളക്കിമാറ്റി. സീറ്റും കവറുകളും ഇന്റീരിയര്‍ ഭാഗങ്ങളും കുത്തിക്കീറി നശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News