ആഡംബര കാറുകളില്‍ പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും മത്സരയോട്ടം ;മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: ആഡംബര കാറുകളില്‍ മലയാള സിനിമാ താരങ്ങളായ പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും മത്സരയോട്ടം നടത്തിയെന്ന രീതിയില്‍ വീഡിയോ പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് മോട്ടോര്‍ വാഹനവകുപ്പ്. കോട്ടയം -കൊച്ചി സംസ്ഥാനപാതയിലായിരുന്നു മത്സരയോട്ടം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഈ റൂട്ടിലെ ക്യാമറകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇരുവരുടെയും മത്സരഓട്ടം എന്ന പേരില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണം തുടങ്ങിയത്. പോര്‍ഷെ, ലംബോര്‍ഗിനി മോഡലുകളാണ് വീഡിയോയില്‍ കാണുന്നത്. ബൈക്കില്‍ കാറുകളെ പിന്തുടരുന്ന രണ്ട് യുവാക്കളാണ് വീഡിയോ പകര്‍ത്തിയത്. കഴിഞ്ഞദിവസം മുതലാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഇരുവരും റോഡ് നിയമങ്ങള്‍ ലംഘിച്ചെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ക്യാമറകള്‍ പരിശോധിച്ച് അമിത വേഗത കണ്ടെത്തിയാല്‍ വാഹനത്തിന്റെ ആര്‍ സി ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News