കോട്ടയം:മദ്യലഹരിയിലായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ വാകത്താനം
തൃക്കോതമംഗലത്ത് അമിത വേഗത്തിലെത്തി വീടിന്റെ മതിൽ തകർത്തു മറിഞ്ഞു. അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങൾക്കു മുൻപ് വരെ വീട്ടുമുറ്റത്തിരുന്ന വയോധിക, അത്ഭുതകരമായി രക്ഷപെട്ടു.
വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ കാർ, ഈ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും തകർത്തു. ആറു മാസം മുൻപ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സ്ഥലത്തിനു സമീപമായിരുന്നു അപകടം.തൃക്കോതമംഗലം പത്തുപറയിൽ ഷിബുവിന്റെ വീടിനു മുകളിലേയ്ക്കാണ് കാർ മറിഞ്ഞത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു
സംഭവം. കോട്ടയത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ കാർ തൃക്കോതമംഗലത്തെ വളവിലൂടെ അമിത വേഗത്തിൽ എത്തിയ കാർ, നിയന്ത്രണം വിട്ട് വളവിൽ നിന്നും പാഞ്ഞുചെന്ന് ഷിബുവിന്റെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. മതിൽ തകർത്ത കാർ ഉള്ളിലേയ്ക്കു മറിഞ്ഞു വീണു. കാർ ഇടിച്ച് ഇവിടെ പാർക്ക് ചെയ്തിരുന്ന,ഷിബുവിന്റെ കാറും തകർന്നു.
അപകടത്തിനു തൊട്ടു മുൻപ് വരെ ഷിബുവിന്റെ അമ്മ തങ്കമ്മ വർക്കി ഈ കാർ മറിഞ്ഞ സ്ഥലത്ത് നിൽക്കുന്നുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് മാത്രമാണ് ഇവർ ഇവിടെ നിന്നും മാറിയത്.
കാർ മറിയുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നു നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. കാറിലുണ്ടായിരുന്നവർ പാമ്പാടി മീനടം സ്വദേശികളാണെന്നു വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. ഇവർ മദ്യലഹരിയിലാണോ എന്ന് ഉറപ്പിച്ചിട്ടില്ല. വൈദ്യ പരിശോധനയിലൂടെ മാത്രമേ ഇത് ഉറപ്പാക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.