പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ ആറുപേരെയും രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ചു. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയാണ്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. രണ്ടുമണിയോടെ കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും കരയ്ക്കെത്തിച്ചു. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. കാര്‍ വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്തിയെടുക്കാനുള്ള നാട്ടുകാരുടെ പരിശ്രമം ആദ്യമൊന്നും ഫലം കണ്ടില്ല. ഇതിനിടയില്‍ കനാലിലെ ശക്തമായ ഒഴുക്കില്‍ കാര്‍ കലുങ്കിന് അടിയിലേക്കു നീങ്ങുകകൂടി ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമായി മാറി.
കൊല്ലം ആയൂര്‍ അമ്പലമുക്ക് കാഞ്ഞിരത്തുംമൂട് കുടുംബാംഗങ്ങളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തില്‍പ്പെട്ടത്.