മോസ്കോ:മോസ്കോയ്ക്ക് കിഴക്കുള്ള ബാലശിഖ നഗരത്തിൽ നടന്ന കാർ സ്ഫോടനത്തിൽ ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ജനറൽ യാരോസ്ലാവ് മോസ്കാലിക് കൊല്ലപ്പെട്ടു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദർശനത്തിനിടെയാണ് സ്ഫോടനം.
യാരോസ്ലാവ് മോസ്കാലിക്കിന്റെ കൊലപാതകത്തെ ഭീകരാക്രമണം എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വിശേഷിപ്പിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. റഷ്യൻ സായുധ സേനയുടെ മെയിൻ ഓപറേഷൻസ് ഡയറക്ടറേറ്റിന്റെ ഡപ്യൂട്ടി മേധാവിയാണ് കൊല്ലപ്പെട്ട യാരോസ്ലാവ് മോസ്കാലിക്. സ്ഫോടനം നടന്ന പ്രദേശം ഫൊറൻസിക് സംഘം പരിശോധിച്ചു.
ഈ ആഴ്ചയുടെ തുടക്കത്തിൽ മോസ്കോയിലെ ഭൂഗർഭ കാർ പാർക്കിങ് ഏരിയയിലുണ്ടായ മറ്റൊരു സ്ഫോടനത്തിനു പിന്നാലെയാണ് ഇന്നത്തെ അപകടം. യുക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ട വ്യക്തികൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ റഷ്യയിൽ വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

