രണ്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി, സൗദിയിൽ ആറു പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു.  റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റക്കു സമീപമായിരുന്നു സംഭവം. ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ അൽസ്വഹൻ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. 

കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നു പിടിച്ചു. കാർ ഡ്രൈവറും മൂന്നു സ്ത്രീകളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ് അപകടത്തിൽ മരിച്ചത്. 

കാർ യാത്ര ചെയ്‍തിരുന്ന മൂന്നും അഞ്ചും വീതം വയസ് പ്രായമുള്ള രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതാണ് ജീവനോടെ രക്ഷപ്പെടാൻ കുട്ടികളെ സഹായിച്ചത്. പരിക്കേറ്റ കുട്ടികളെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News