പിക്കപ്പ്‌വാനിന്റെ പിന്നിലിടിച്ചു, നിയന്ത്രണംവിട്ട കാർപാടത്തേക്ക് മറിഞ്ഞു,രണ്ട് പേർക്ക് പരുക്ക്

വടക്കഞ്ചേരി: പൊടുന്നനെ ട്രാക്ക് മാറ്റിയ പിക്കപ്പ് വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ പാടത്തേക്ക് ഇടിച്ചിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തില്‍ സഹോദരന്റെ മകന്റെ പരിപാടി കാണാന്‍ പോവുകയായിരുന്ന സംഘത്തിന്റെ കാറാണ് അപകടത്തില്‍ പെട്ടത്.

യാത്രക്കാരായ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില്‍ (36), സഹോദരന്‍ അരുണ്‍ (50) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. വലതുവശത്തെ ട്രാക്കിലൂടെ പാലക്കാട്ടേക്ക് പോവുകയായിരുന്നു കാര്‍. മുന്നില്‍ ഇടത്തേ ട്രാക്കിലൂടെ പോവുകയായിരുന്നു പിക്കപ്പ് വാന്‍. പെട്ടന്ന് വലത്തേ ട്രാക്കിലേക്ക് കടന്നു.

അപകടമൊഴിവാക്കാന്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചെങ്കിലും പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി പാടത്തേക്ക് ഇറങ്ങുകയായിരുന്നെന്ന് കാറോടിച്ച അഖില്‍ പറഞ്ഞു. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News