32.3 C
Kottayam
Monday, April 29, 2024

സഞ്ജുവിനെ എന്തുകൊണ്ട് കളിപ്പിച്ചില്ല?വിശദീകരണവുമായി ക്യാപ്ടന്‍ ഹാർദിക് പാണ്ഡ്യ

Must read

നേപ്പിയർ: ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണ് അവസരം നൽകാത്തതിൽ വിശദീകരണവുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇത് ചെറിയ പരമ്പരയായിരുന്നുവെന്നും അതിനാലാണ് കൂടുതൽ താരങ്ങൾക്ക് അവസരം ലഭിക്കാതെ പോയതെന്നും ഹാർദിക് പറഞ്ഞു. സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നെങ്കിൽ പല കാരണങ്ങൾ കൊണ്ട് അതിനു സാധിച്ചില്ലെന്നും ഹാർദിക് അഭിപ്രായപ്പെട്ടു. മൂന്നാം ട്വന്റി20 മത്സരത്തിനു ശേഷം മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഇത് എന്റെ ടീമാണ്. കോച്ച് ലക്ഷ്മണും ഞാനും കൂടി ആലോചിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇത് ചെറിയ പരമ്പരയായതുകൊണ്ട് അധികം കളിക്കാർക്ക് അവസരം ലഭിച്ചില്ല. അവസരം ലഭിച്ചവർ നല്ല രീതിയിൽ കളിക്കുമ്പോൾ അവർക്ക് തുടർന്നും സാധ്യതയുണ്ടാകുന്നു. വലിയ പരമ്പരയായിരുന്നെങ്കിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുമായിരുന്നു. എല്ലാവർക്കും വേണ്ട അവസരം ലഭിക്കും.  ടീമിന് ആവശ്യമെന്നും തോന്നുന്ന സമയത്ത് ആളുകളെ മാറ്റി പരീക്ഷിച്ചിട്ടുണ്ട്. ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകി. ’– ഹാർദിക് പറഞ്ഞു.

സഞ്ജുവിന് അവസരം നൽകാത്തതിൽ വ്യക്തിപരമായ കാരണങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷേ അത് നിങ്ങൾ കൈകാര്യം ചെയ്യുന്നതു പോലെ ഇരിക്കും. എല്ലാ താരങ്ങളുമായി എനിക്ക് ഒരേ സമവാക്യമാണ്, അതുകൊണ്ടുതന്നെ ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അത് വ്യക്തിപരമല്ലെന്ന് അവർക്ക് അറിയാം. അത് സാഹചര്യമനുസരിച്ച് ചെയ്യാനുള്ളതാണ്. ഞാൻ അവരുടെ ആളാണ്. ആർക്കെങ്കിലും എന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എന്റെ അടുത്ത് വരാം, എന്തും പങ്കുവയ്ക്കാം.

സഞ്ജുവിന്റെ കാര്യമെടുക്കുകയാണെങ്കിൽ അത് ദൗർഭാഗ്യകരമെന്നു തന്നെ പറയാം. അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ പല കാര്യങ്ങൾ കൊണ്ട് അതിനു സാധിച്ചില്ല. എന്നാൽ അവരുടെ വിഷമം എനിക്ക് മനസ്സിലാകും. ഇന്ത്യൻ ടീമിൽ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടില്ല– ഇത് വളരെ ബുദ്ധിമുട്ടുള്ള അവസ്ഥ തന്നെയാണ്.’– ഹാർദിക് പറഞ്ഞു. 

ന്യൂസീലൻഡിനെതിരെ മൂന്നു മത്സരങ്ങാണ് ഉണ്ടായിരുന്നത്. ഇതിൽ ആദ്യ മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. മൂന്നാം മത്സരവും മഴമൂലം സമനിലയിൽ അവസാനിച്ചു. പരമ്പര ഇന്ത്യ 1–0ന് സ്വന്തമാക്കി. സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week