കൊച്ചി:മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പദ്മപ്രിയ. ഒരിടവേളയ്ക്ക് ശക്തമായി തന്നെ സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് പദ്മപ്രിയ. ഈയ്യടുത്തിറങ്ങിയ ഒരു തെക്കന്‍ തല്ലുകേസിലൂടെയായിരുന്നു പദ്മപ്രിയയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍ ഇടവേളയെടുത്തിനെക്കുറിച്ചും തിരിച്ചുവന്നതിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് പദ്മപ്രിയ. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സത്യത്തില്‍ എനിക്ക് ബോറടിച്ചിരുന്നു. ഞാന്‍ ചെയ്യുന്നതിലും എനിക്ക് ലഭിക്കുന്നതിലും. അതിനൊപ്പം, പഴശ്ശി ചെയ്യുന്ന സമയത്ത് തന്നെ എന്‍വിയോണ്‍മെന്റല്‍ ലോ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ആന്ധ്ര ഒറീസ ഭാഗത്തുള്ള ഒരുപാട് ആദിവാസികളുമായി സംസാരിക്കുകയുണ്ടായി. പബ്ലിക് പോളിസിയും ഗവണ്‍മെന്റും ഇതൊക്കെ വര്‍ക്ക് ചെയ്യുന്നതുമൊക്കെ എങ്ങനെയാണെന്ന് മനസിലാക്കണമെന്ന് തോന്നിയെന്നാണ് പദ്മപ്രിയ പറയുന്നത്.
അതേസമയം സിനിമയില്‍ പ്രത്യേകിച്ച് മോട്ടിവേറ്റ് ചെയ്യുന്ന ഒന്നും തന്നെയുണ്ടായിരുന്നില്ല. ആളുകള്‍ കരുതുന്നത് ഇതൊരു ഗ്ലാമറസായ, കാശുണ്ടാക്കാന്‍ പറ്റിയ മേഖലയാണെന്നാണ്. പക്ഷെ ഞാന്‍ അതിനുമാത്രം കാശൊന്നുമുണ്ടാക്കിയിട്ടില്ല. എനിക്കതില്‍ കുറ്റബോധമില്ല. ചെയ്ത സിനിമകള്‍ ആസ്വദിച്ചാണ് ചെയ്തത്. ചെയ്യുന്നത് ആസ്വദിക്കാതെ വരുന്നതോടെ അത് വളരെ പ്രയാസകരമായി മാറും.
ഞാനൊരു 9-5 ജോലിയായിരുന്നു ആഗ്രഹിച്ചിരുന്നത്. അവിടെ നിന്നും സിനിമ തീര്‍ത്തും വ്യത്യസ്തമായിരുന്നു. അഭിനേത്രിയായിരിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. സിനിമ എനിക്ക് തരാത്ത എക്‌സൈറ്റ്‌മെന്റ് നല്‍കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. അതോടെയാണ് ഇടവേളയെടുക്കുന്നത്. ഒരു ക്ലാരിറ്റി കിട്ടിയതോടെയാണ് വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതെന്നാണ് പദ്മപ്രിയ പറയുന്നത്.
ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അത് എന്തിനാണ് ചെയ്യുന്നത് എന്ന അര്‍ത്ഥം എന്റെ ജീവിതത്തില്‍ ഇല്ലാതായിരുന്നു. പണത്തിന് വേണ്ടിയാണോ ചെയ്യുന്നത് അതോ ഈ കഥ പറയണം എന്നത് കൊണ്ടാണോ എന്നൊരു ക്ലാരിറ്റിയില്ലാതെ വന്നു. അത് സിനിമയോടുള്ള എന്റെ ഇഷ്ടത്തെ ബാധിച്ചു തുടങ്ങിയിരുന്നു. പുറത്ത് പോയി പഠിച്ചപ്പോള്‍ ലോകത്തെ തന്നെ കാണുന്ന കാഴ്ചപ്പാട് മാറി. സിനിമയെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത് എന്നതില്‍ വ്യക്തത ലഭിച്ചുവെന്നും താരം പറയുന്നു.
അത് കൂടുതലും കിട്ടിയത് ഡബ്ല്യുസിസിയില്‍ അംഗമായപ്പോഴാണ്. സിനിമയില്‍ സുഹൃത്തുക്കളെയുണ്ടാക്കുക പാടാണ്. ഒരു പ്രൊജക്ടില്‍ നിന്നും മറ്റൊന്നിലേക്കാണ്. ഒരു ഓഫീസിലാണെങ്കില്‍ സംസാരിക്കാനും ആളുകളുണ്ടാകും. സിനിമയില്‍ അങ്ങനെയല്ല. ഡബ്ല്യുസിസി വന്നപ്പോള്‍ സുഹൃത്തുക്കളെയുണ്ടാക്കാന്‍ സാധിക്കുമെന്നായത്. തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമുള്ളവരാണെങ്കിലും സുഹൃത്തുക്കളായി തുടരാമെന്ന് സംഘടന ബോധ്യപ്പെടുത്തിയെന്നാണ് താരം പറയുന്നത്.
അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ബന്ധമല്ല എനിക്ക് ഇന്ന് സിനിമയോടുള്ളത്. പുറത്തേ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നെ. ഡബ്ല്യുസിസിയുടെ ഭാഗമായതിലൂടെ സിനിമയില്‍ എന്റെ റോള്‍ എന്താണെന്ന് തിരിച്ചറിയാന്‍ തുടങ്ങി. ഡബ്ല്യുസിസിയുടെ ഭാഗമായ ശേഷവും രണ്ട് വര്‍ഷം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും പദ്മപ്രിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തെലുങ്കിലൂടെയാണ് പദ്മപ്രിയ അരങ്ങേറുന്നത്. പന്നീട് കാഴ്ചയിലൂടെ മലയാളത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കറുത്ത പക്ഷികള്‍, പരദേശി, പഴശ്ശിരാജ, സ്‌നേഹവീട്, നായിക, ടിയാന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്ന പദ്മപ്രിയയെ തേടി ദേശീയ പുരസ്‌കാരമടക്കം എത്തിയിട്ടുണ്ട്. പഴശ്ശിരാജയിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം നേടിയത്. രണ്ട് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് പദ്മപ്രിയ. 2017 ഓടെയാണ് പദ്മപ്രിയ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. പിന്നീട് താരം മടങ്ങിയെത്തുന്നത് ഒരു തെക്കന്‍ തല്ലു കേസിലൂടെയാണ്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയിരുന്നു. വണ്ടര്‍ വിമണ്‍ ആണ് പദ്മപ്രിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.