തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). വല്ലാത്ത അതിമോഹം ചിലർക്കുണ്ട്,
ഇത്തരക്കാരോട് പറയാനുള്ളത് ഇനിയുള്ള കാലം ജയിൽ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണ് എന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വലിയൊരു നിക്ഷേപം വരുമ്പോൾ, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ഒരു തുക നിശ്ചയിച്ച് അത് തനിക്ക് വേണമെന്ന് പറയാൻ മടി കാണിക്കാത്ത ചിലർ കേരളത്തിലുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
അഴിമതിക്കാർക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ല, അതിനാണല്ലോ ജയിൽ. അവിടെ പോയി സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് പറയുന്നു മുഖ്യമന്ത്രി. ജനങ്ങളാണ് ഏത് സർക്കാരിന്റെയും യജമാനൻമാരെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ മുന്നറിയിപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഒരു കുടക്കീഴിൽ അണി നിരത്തുകയാണെന്നും ചിതറിക്കിടന്നപ്പോൾ ഫലപ്രദമായ പദ്ധതി നിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും അതുകൊണ്ടാണ് പുതിയ സംവിധാനം കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് നിഷേധാത്മക സമീപനം ഉണ്ടാകരുത്ർ, അഴിമതിയിൽ നിന്ന് പൂർണ്ണമായും മുക്തമാകണം. ജനങ്ങളാണ് ഏത് സർക്കാരിൻറേയും യജമാനൻമാർ, ആ യജമാനൻമാരെ സേവിക്കുന്നവരാകണ് ഉദ്യോഗസ്ഥർ. പോരായ്മകൾ തിരുത്തി മുന്നോട്ട് പോകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ സംവിധാനം നിലവിൽ വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2026 ഓടെ പുതിയതായി 15,000 സ്റ്റാര്‍ട്ടപ്പുകളും (new startups) രണ്ടു ലക്ഷം തൊഴിലുമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക്, ഇന്നൊവേഷന് ടെക്നോളജി ലാബുകള്‍, ഇന്‍കുബേറ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഹര്‍ഡില്‍ ഗ്ലോബല്‍ 2022 കോണ്‍ഫറന്‍സ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016ല്‍ കേരളത്തില്‍ 300 സ്റ്റാര്‍ട്ടപ്പുകളായിരുന്നെങ്കില്‍ 2021ല്‍ എണ്ണം 3900 ആയതായി മുഖ്യമന്ത്രി പറഞ്ഞു. 35000 പേര് ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 2300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിച്ചത്. 2020-21ല്‍ മാത്രം 1900 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മലയാളികളുടെ സാരഥ്യത്തില്‍ ആദ്യത്തെ യൂണികോണ്‍ കമ്പനി ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ 200 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാലു ലക്ഷം ചതുരശ്ര അടിയുള്ള കൊച്ചിയിലെ ടെക്നോളജി ഇന്നൊവേഷന് സോണ്‍ തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇടമാണ്. ഇതിനു സമാനമായി എമര്‍ജിങ് ടെക്നോളജി കേന്ദ്രീകൃതമായ ഒരു കാമ്പസ് തിരുവനന്തപുരത്ത് ആലോചിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അഞ്ചുലക്ഷം ചതുരശ്ര അടി ഇന്‍കുബേഷന്‍ സൗകര്യം കേരളത്തില്‍ ലഭ്യമാണ്.
ഗൂഗിള്‍, ഹാബിറ്റാറ്റ്, ജെട്രോ, നാസ്കോം, ഗ്ളോബല്‍ ആക്സിലറേറ്റര്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളുമായുള്ള കരാറുകളും എം. ഒ. യുകളും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഐ. ടി പാര്‍ക്കുകളെയും സ്റ്റാര്‍ട്ട്പ്പുകളെയും ബന്ധിപ്പിച്ച് നോളജ് ചെയിന്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.