കോഴിക്കോട് : ബസുകളിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർക്ക് ഇരിക്കാമോ ?, ഇരുന്ന പുരുഷൻമാരെ എഴുന്നേൽപ്പിക്കാമോ ? ഇരിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ ?… ബസുകളിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പുരുഷൻമാർ ഇരിക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയകളിലും ചില ഓൺലൈൻ മാദ്ധ്യമങ്ങളിലും ചർച്ചകൾ കൊഴുക്കുന്നതിനിടെ വിഷയത്തിൽ വ്യക്തത വരുത്തി കോഴിക്കോട് കെ.എസ്.ആർ.ടി.സി.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സംവരണ സീറ്റുകൾ സംബന്ധിച്ച വിവരങ്ങൾ കെ.എസ്.ആർ.ടി.സി പങ്കുവെച്ചിരിക്കുന്നത്. സ്ത്രീ യാത്രക്കാർ ഇല്ലെങ്കിൽ സ്ത്രീകളുടെ സീറ്റിലിരുന്ന് പുരുഷൻമാർക്ക് യാത്ര ചെയ്യാം. എന്നാൽ സ്ത്രീകൾ കയറിയാൽ സീറ്റ് ഒഴിഞ്ഞു കൊടുക്കണം.
കെ.എസ്.ആർ.ടി.സി ഉൾപ്പടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കുള്ളതാണ്. യാത്രയ്ക്കിടെ സ്ത്രീകൾ ആവശ്യപ്പെട്ടാൽ പുരുഷൻമാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണം. സ്ത്രീകൾക്ക് സീറ്റ് കണ്ടക്ടർ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും നിയമമുള്ളതായി കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നു.
നിയമലംഘനമുണ്ടായാൽ 100 രൂപ പിഴ അടക്കേണ്ടി വരും. ബസുകളിൽ അഞ്ച് ശതമാനം സീറ്റ് (ആകെ സീറ്റിൽ രണ്ടെണ്ണം) അംഗ പരിമിതർക്കുള്ളതാണ്. 20 ശതമാനം സീറ്റ് മുതിർന്ന പൗരൻമാർക്ക് (10 ശതമാനം സ്ത്രീകൾക്കും 10 ശതമാനം പുരുഷൻമാർക്കും). എന്നാൽ, ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി എന്നിവയ്ക്ക് മുകളിലുള്ള മറ്റ് ക്ലാസുകളിൽ മുതിർന്ന പൗരൻമാർക്ക് അഞ്ച് ശതമാനം മാത്രമാണ് റിസർവേഷൻ.
25 ശതമാനം സീറ്റ് സ്ത്രീകൾക്കാണ്. ഇതിൽ ഒരെണ്ണം ഗർഭിണിയ്ക്കും അഞ്ച് ശതമാനം സീറ്റ് അമ്മയ്ക്കും കുഞ്ഞിനുമാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും രാത്രിയാത്രകളിൽ ഉൾപ്പെടെ സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ അമർന്നിരുന്ന് യാത്ര ചെയ്യുന്നതാണ് പതിവ് കാഴ്ച. എന്നാൽ ഇതിനെതിരെ കേസ് എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.