വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം, ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമം; കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറെ പുറത്താക്കി

കോഴിക്കോട്: ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം.

2021 ജൂലൈയിലാണ് ഗവേഷണ വിദ്യാര്‍ത്ഥിനി അധ്യാപകനെതിരെ പരാതി നല്‍കിയത്. ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2020 ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ ആധാരം.

നേരിട്ടും ഫോണിലും വാട്സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നു.

തുടര്‍ന്നാണ് പരാതിയുമായി വിദ്യാര്‍ത്ഥിനി മുന്നോട്ടു വന്നത്. ഇയാള്‍ക്കെതിരെ മറ്റ് പെണ്‍കുട്ടികളും പരാതിയുമായി രംഗത്തെത്തിയിരുന്നു.സംഭവത്തില്‍ പൊലീസ് നേരത്തെതന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ജാമ്യത്തിലാണ്. 2021 ജനുവരിയിലാണ് ഇയാള്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News