കോഴിക്കോട്: ‘ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല’- കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിയും ഇനിമുതൽ ഈ സത്യവാങ്മൂലം ഒപ്പിട്ട് നൽകണം. വിദ്യാർഥിക്കൊപ്പം രക്ഷിതാവും. ഇതുസംബന്ധിച്ച സർക്കുലറും സത്യവാങ്മൂലത്തിന്റെ മാതൃകയും കാലിക്കറ്റ് സർവകലാശാല പുറത്തിറക്കി.
സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാൻ കാലിക്കറ്റ് സർവകലാശാല സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെയുണ്ടായ സ്ത്രീധനമരണങ്ങളുടെ പശ്ചാത്തലത്തിൽ ചാൻസലർ കൂടിയായ ഗവർണർ നൽകിയ നിർദേശമാണ് ഇത്തരമൊരു സത്യവാങ്മൂലമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അഡ്മിഷൻ സമയത്ത് സത്യവാങ്മൂലം പൂരിപ്പിച്ച് ഒപ്പിട്ട് നൽകണമെന്നാണ് നിർദേശം. ഈ അധ്യയനവർഷം നേരത്തെ അഡ്മിഷൻ നേടിയവരിൽനിന്നും സത്യവാങ്മൂലം വാങ്ങണമെന്നും സെപ്റ്റംബർ 15-ന് പുറത്തിറക്കിയ സർക്കുലറിലുണ്ട്.
ഞാൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല, അതിന് പ്രേരിപ്പിക്കില്ല, വധു/വരന്മാരുടെ മാതാപിതാക്കളിൽനിന്ന് സ്ത്രീധനം ആവശ്യപ്പെടില്ല എന്നതാണ് വിദ്യാർഥികൾ നൽകേണ്ട സത്യവാങ്മൂലം. സ്ത്രീധനനിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചാൽ ബിരുദം തിരിച്ചെടുക്കുന്നത് ഉൾപ്പെടെ തനിക്കെതിരേ സ്വീകരിക്കുന്ന നടപടികൾക്ക് താൻ തന്നെയാണ് ഉത്തരവാദിയെന്ന് മനസിലാക്കുന്നതായും സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകണം. വിലാസവും ആധാർകാർഡ് നമ്പറും ഇതോടൊപ്പം സമർപ്പിക്കണം.