Home-bannerKeralaNews

മണിനാദം മുഴങ്ങുന്ന പള്ളിയില്‍ ഉയര്‍ന്നത് ബാങ്കുവിളി,കോണ്‍ഗ്രസ് പരിപാടിയില്‍ തോളോട് തോള്‍ ചേര്‍ന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ്,പൗരത്വ നിയമത്തില്‍ ഒറ്റ മനസോടെ പ്രതിഷേധവുമായി കേരളം

കൊച്ചി:ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലായിരുന്നു. കോണ്‍ഗ്രസ് പോഷക സംഘടനയായ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ തോളോളോട് തോള്‍ ചേര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്തത് സി.പി.എം നേതാവ് എം.ബി.രാജേഷായിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്, സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജെയ്സിങ് എന്നിവര്‍ക്കൊപ്പം പങ്കെടുത്ത മാര്‍ച്ച് രാഷ്ട്രീയ കേരളത്തിന് പുത്തന്‍ അമുഭവമായി. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച സെക്കുലര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കിയത് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് മാത്യു കുഴല്‍നാടനായിരുന്നു.

എന്നാല്‍ ഇതിനേക്കാളൊക്കെ ഹൃദയാവര്‍ജകമായ അനുഭവം കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയിലായിരുന്നു.ചെറിയപള്ളി മുറ്റത്ത് ഒത്തുകൂടി ഇസ്ലാം മത വിശ്വാസികള്‍ മഗ്രിബ് നമസ്‌കാരം നടത്തിയാണ് ജാതിമത ഭേദങ്ങള്‍ക്കൊപ്പം മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചത്.മുസ്ലിം ലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണു നമസ്‌കാരത്തിനു നേതൃത്വം നല്‍കിയത്.

പ്രതിഷേധ റാലി കോതമംഗലം ചെറിയ പള്ളിയുടെ സമീപത്തെത്തിയപ്പോള്‍ മഗ്രിബ് നമസ്‌കാരത്തിന്റെ സമയമായിരുന്നു. കൂടുതലാളുകള്‍ക്കു നമസ്‌കരിക്കാനുള്ള സ്ഥലം തേടിയപ്പോഴാണു പള്ളി അധികൃതര്‍ മുന്നോട്ടുവന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴവനാളുകള്‍ക്കും നമസ്‌കരിക്കാനുള്ള സൗകര്യം പള്ളി അങ്കണത്തില്‍ ഒരുക്കിയിരുന്നു

മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങിയെന്നും പള്ളിയിലെ ഫാദറാണു തങ്ങള്‍ക്ക് അംഗശുദ്ധി വരുത്താന്‍ വെള്ളം കൈകളിലേക്കൊഴിച്ചു തന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഇതാണു കേരളമെന്നും നമ്മള്‍ അതിജീവിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

മതം മാനവികതയാണ്. സര്‍വ്വ മതങ്ങളുടെയും അടിസ്ഥാനം സ്നേഹമാണെന്നു വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴല്‍ നാടന്‍ നേതൃത്വം നല്‍കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ സംഘടിക്കപ്പെട്ട സെക്കുലര്‍ മാര്‍ച്ചായിരുന്നു വേദി.

വി.ടി ബല്‍റാം, പി.കെ ഫിറോസ്, എം.ബി രാജേഷ്, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയ യുവജന നേതാക്കള്‍ മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാന്‍ അച്ചന്‍ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോള്‍ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചര്‍ച്ചില്‍ വെച്ച് തന്നെ ഞങ്ങള്‍ നിസ്‌കരിച്ചു.

രാജ്യത്തെ മുസ്ലിംകളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാര്‍ദത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സ്നേഹത്തിന്റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്

സാന്ദര്‍ഭികമായി എനിക്ക് ഓര്‍മ്മ വന്നത് ഖലീഫാ ഉമറിന്റെ ചരിത്രമാണ്. ജറുസലേമിലേക്ക് അനുയായികള്‍ക്കൊപ്പം പോയപ്പോള്‍ നിസ്‌കാരത്തിന് ഒരു ചര്‍ച്ചില്‍ അവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തന്റെ അനുയായികള്‍ ആ ക്രിസ്ത്യന്‍ പളളിയുടെ വരാന്തയില്‍ വെച്ച് നിസ്‌കരിക്കുകയും ഭാവിയില്‍ ആരെങ്കിലും താന്‍ നിസ്‌ക്കരിച്ചതിന്റെ പേരില്‍ ചര്‍ച്ചിന്റെ മേല്‍ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്റെ പേരില്‍ ഖലീഫാ ഉമര്‍ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം.

പ്രിയരെ, സ്നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാന്‍ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.

 

 

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button