32.8 C
Kottayam
Friday, March 29, 2024

കടം തീര്‍ക്കാന്‍ ഒരാളും സാമ്പത്തിക സമാഹരണം നടത്തരുത്; കോൺഗ്രസ് നേതാവ് സി ആര്‍ മഹേഷിന്റെ കുറിപ്പ്

Must read

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ മഹേഷിന്റെ കുടുംബത്തിന്റെ കടബാധ്യതയെക്കുറിച്ചുള്ള വാര്‍ത്ത. ഇക്കാര്യത്തില്‍ ഒരു വിശദീകരണവും ഇതിന്റെ പേരില്‍ ആരും സി ആര്‍ മഹേഷിന്റെ കുടുംബത്തിന് പണപ്പിരിവ് നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുവ കോണ്‍ഗ്രസ് നേതാവ്.

തങ്ങളുടെ വായ്പക്ക് ബാങ്ക് പലതവണ സാവകാശം തന്നിരുന്നെന്നും പക്ഷേ, സാധ്യമായില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് താന്‍ സൂക്ഷിച്ചിരുന്നതെന്നും മഹേഷ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സി ആര്‍ മഹേഷ്  പങ്കുവച്ച കുറിപ്പ്,

‘പ്രിയപ്പെട്ടവരേ,
എന്റെ കുടുംബത്തിന്റെ സാമ്ബത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലും മറ്റിതര മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.

നമ്മുടെ സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉള്ള സമ്ബാദ്യം ബാങ്കില്‍ വച്ച്‌ കാര്യങ്ങള്‍ നടത്താന്‍ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാന്‍ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നു. പക്ഷേ, സാധ്യമായില്ല. ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് ഞാന്‍ സൂക്ഷിച്ചിരുന്നത്. പക്ഷേ ഈ സന്ദര്‍ഭത്തില്‍ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോവുകയും ചെയ്തു.

ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. നന്ദിയുമുണ്ടെല്ലാവരോടും. എന്നാല്‍, ഈ പ്രശ്ന പരിഹാരത്തിന് ആരില്‍ നിന്നും എന്തെങ്കിലും സാമ്ബത്തിക
സഹായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വ്യക്‌തിപരമായ ഈ ബാധ്യത, എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്. എന്തും പറഞ്ഞു സാമ്ബത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു സി ആര്‍ മഹേഷിന്റെ കടം തീര്‍ക്കാന്‍ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു
സാമ്ബത്തിക സമാഹരണവും നടത്തരുതെന്ന് ഞാന്‍ സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്. അതുകൊണ്ടു തന്നെ ഞാന്‍ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാല്‍ ഞങ്ങള്‍ അടച്ചു തീര്‍ക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്തം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്.

ഇക്കാലമത്രയും ഇതേ പ്രതിസന്ധിയിലൂടെയൊക്കെത്തന്നെയാണ് ഞാന്‍ ജീവിച്ചതും പൊതു പ്രവര്‍ത്തനം നടത്തിയതും. പൊതു പ്രവര്‍ത്തനത്തിനും മറ്റു ജനങ്ങളെ സഹായിക്കുന്നതിനും എന്നോടൊപ്പമെന്നും നിന്നിട്ടുള്ള നിങ്ങളോടുള്ള ഇഷ്ടവും സ്നേഹവും എന്നും എപ്പോഴും ഹൃദയത്തിലുണ്ടാകും. ഞാന്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തനത്തിലെ മൂല്യങ്ങള്‍ ഒരിക്കലും കൈമോശം വരാതിരിക്കാന്‍ നിങ്ങളുടെ പിന്തുണയും ഇനിയുമുണ്ടാകണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും എന്നെ വര്‍ഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും – വ്യാജ പീഡന വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. അതവര്‍ തുടരട്ടെ.

സി.ആര്‍.മഹേഷ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week