ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണലാണ് രാവിലെ തുടങ്ങിയത്. നിലവിലെ എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മിക്കവാറും എല്ലാ നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആസാമില്‍ അഞ്ച് സീറ്റ്, പശ്ചിമബംഗാളില്‍ നാല്, മധ്യപ്രദേശ്, ഹിമാചല്‍, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന് എന്നിവിടങ്ങളില്‍ രണ്ടു വീതവും ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമബംഗാളിലെ നാലു സീറ്റിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇവിടങ്ങളില്‍ ബിജെപിക്ക് തോല്‍വിയാണ് ഫലമെങ്കില്‍ നേതാക്കള്‍ കൂട്ടമായി തൃണമൂലിലേക്ക് മാറുന്ന പ്രവണത തുടരും. എല്ലാ മണ്ഡലങ്ങളിലും ജയിക്കാന്‍ കഴിയുമെന്നാണ് തൃണമൂല്‍ അവകാശപ്പെടുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ബംഗാളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹിമാചല്‍പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖണ്ഡ്വ എന്നിവിടങ്ങള്‍ക്ക് പുറമേ ദാദ്ര നഗര്‍ ഹവേലിയിലുമാണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. എംപിമാരുടെ മരണത്തെ തുടര്‍ന്നാണ് മൂന്നു സീറ്റിലും ഒഴിവുവന്നത്. ഒക്ടോബര്‍ 30നായിരുന്നു ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്.