KeralaNews

ബിസിനസ് വഞ്ചനാകേസ്‌:മുന്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ, ശിക്ഷാവധി ജൂലൈ 11ന്

വാഷിങ്ടൻ :ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോൺ‌താരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കൽകൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനും റിപ്പബ്ലിക് പാർട്ടിയിൽ ട്രംപും പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്.

ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ‍‍ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും, ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയതെന്നാണ് കേസ്.

2006ൽ ഗോൾഫ് മത്സര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നൽകിയിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. റിയാലിറ്റി ഷോയിലടക്കം അവസരം നൽകാമെന്നു വാഗ്ദാനം നൽകിയെന്നും, വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടർന്ന് ബന്ധത്തിൽനിന്നു പിൻവാങ്ങിയെന്നും സ്റ്റോമി കോടതിയെ അറിയിച്ചു.

തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങാതിരിക്കാനാണ് 1.30 ലക്ഷം ഡോളർ നൽകിയതെന്നും സ്റ്റോമി കോടതിയെ അറിയിച്ചു. യഥാർഥ വിധി നവംബർ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തുവരുമെന്ന് ട്രംപ് പ്രതികരിച്ചു. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസ്സമില്ല. ആരും നിയമത്തിന് അതീതരല്ലെന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button