അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. തുളസിപാകല ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 5:30-ഓടെയാണ് സംഭവം. മലമ്പ്രദേശത്തുള്ള വളവില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബസ്സില്‍ 35 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരും ഒരു ക്ലീനറും ഉണ്ടായിരുന്നു. ‘ഒന്‍പത് പേര്‍ മരിച്ചു. ഏഴുപേരെ സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സിഎച്ച്‌സി ചിന്തൂരിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഭദ്രാചലത്തേക്ക് മാറ്റും.’ ജില്ലാ കളക്ടര്‍ പറഞ്ഞു.
വനനിബിഡമായ മലമ്പ്രദേശത്തിലെ കൊടുംവളവിലൂടെ പോകുമ്പോള്‍ വാഹനം റോഡില്‍നിന്ന് തെന്നിമാറി ചെരിഞ്ഞ പാതയിലേക്ക് പതിച്ചതായാണ് പ്രാഥമിക നിഗമനം. പോലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ അപകടസ്ഥലത്തേക്ക് എത്തുകയും യാത്രക്കാരെ സഹായിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കും.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനും മികച്ച മെഡിക്കല്‍ സഹായം ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


