സ്കൂളിലെ ശുചിമുറിയിൽ അഞ്ചാം ക്ലാസുകാരി പൊള്ളലേറ്റു മരിച്ചു; മരണകാരണത്തിൽ ദുരൂഹത

പട്ന ∙ ബിഹാറിലെ സർക്കാർ സ്കൂളിലെ ശുചിമുറിയിൽ പെൺകുട്ടി പൊള്ളലേറ്റു മരിച്ച നിലയിൽ. ശുചിമുറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ജീവനക്കാർ ഓടിയെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂൾ അധികൃതരുടെ അശ്രദ്ധയാണ് മകളുടെ മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്കൂൾ കെട്ടിടം തകർത്തു. പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഫൊറൻസിക് ഉദ്യോഗസ്ഥർ‌ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. 

സംഭവത്തിലേക്ക് നയിച്ചത് എന്താണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കുട്ടി സ്കൂളിനുള്ളിൽ കത്തുന്ന വസ്തുക്കൾ എന്തെങ്കിലും കൊണ്ടുവന്നോ എന്ന കാര്യവും അവ്യക്തമാണ്. അന്വേഷണം നടക്കുകയാണെന്നും, അതിനുശേഷം മാത്രമേ മരണകാരണം എന്താണെന്ന് അറിയാൻ കഴിയൂവെന്നും പട്ന സെൻട്രൽ എസ്പി ദിക്ഷ പറഞ്ഞു. സ്കൂളിലെ ശുചിമുറിയിൽ തീപിടിക്കുന്ന വസ്തു എങ്ങനെ എത്തി എന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News