ചാലക്കുടി: തീപിടിച്ച വൈക്കോലുമായി ലോറി പാഞ്ഞത് 20 കിലോമീറ്ററോളം. 11 കെ.വി. വൈദ്യുതിലൈനിൽത്തട്ടി വൈക്കോലിന് തീപിടിച്ചതറിഞ്ഞ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. 20 കിലോമീറ്റർ ഓടി ചാലക്കുടിയിലെത്തിയ ലോറി സൗത്ത് ജങ്ഷനിലെത്തിച്ച് വന്ന ദിശയിലേക്കുതന്നെ തിരിച്ചുപോകുമ്പോൾ പിന്തുടർന്നുവന്ന മാള അഗ്നി രക്ഷാ സേന കൈകാണിച്ചുനിർത്തി വെള്ളം പമ്പുചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കുഴൂർ തുമ്പരശ്ശേരിയിൽ ഇറക്കുന്നതിനായി കോട്ടയത്തുനിന്ന് വൈക്കോലുമായെത്തുമ്പോഴാണ് തീപിടിച്ചത്. ഇറക്കേണ്ട സ്ഥലമെത്തുന്നതിനു തൊട്ടു മുൻപാണ് തീ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ലോറിയിൽ ചുരുട്ടിവെച്ചിരുന്ന വൈക്കോലിൽ തീ പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർ നിർത്താതെ ഓടിച്ചു പോയി. കണ്ടുനിന്നവർ വിളിച്ചുപറഞ്ഞെങ്കിലും നിർത്താൻ കൂട്ടാക്കിയില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കപ്പിത്താൻ എന്ന ലോറിയിലെ ഡ്രൈവർ ബിജുവാണ് സാഹസികമായി വാഹനം ഓടിച്ചത്.
നിർത്താതെ ഹോൺ മുഴക്കിപ്പാഞ്ഞ ലോറി കൊരട്ടി കോൺവെന്റ് സ്കൂളിനു മുന്നിൽ വഴിതെറ്റിയെങ്കിലും നാട്ടുകാരുടെ നിർദേശത്തോടെ തിരികെയെടുത്താണ് ദേശീയപാതവഴി നീങ്ങിയത്. അപകടസാധ്യത മുന്നിൽക്കണ്ട് മറ്റ് വാഹനങ്ങൾ ലോറിക്കായി വഴിമാറിക്കൊടുത്തു.
പിന്തുടർന്നെത്തിയ മാള അഗ്നി രക്ഷാ സേന ചാലക്കുടിയിൽയിൽവെച്ച് തീകെടുത്തിത്തുടങ്ങിയതിനു പിന്നാലെ ചാലക്കുടി, പുതുക്കാട് അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ചാലക്കുടി പാലമെത്തുന്നതിനു മുൻപ് ഡി സിനിമാസിനു മുൻപിൽ നിർത്തിയാണ് തീ അണച്ചത്. വാഹനം സുരക്ഷിതമായ സ്ഥലം കണ്ടെത്തി നിർത്താൻ കഴിഞ്ഞില്ലെന്നും നിർത്തിയാൽ പുകയുന്ന ഭാഗത്തൊക്കെ തീ ആളിക്കത്തുമെന്നും വിചാരിച്ചാണ് ഓടിച്ചുപോയതെന്നുമാണ് ഡ്രൈവർ അഗ്നി രക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തിട്ടില്ല.
തീ കണ്ട ഉടൻ നാട്ടുകാർ മാള അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചിരുന്നു. മാള അഗ്നി രക്ഷാ സേന വലിയപറമ്പിൽ എത്തിയപ്പോഴേക്കും ലോറി അന്നമനട റോഡിലേക്കു കടന്നിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന് ചാലക്കുടിവരെ എത്തുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് ചാലക്കുടി സേനയും പതുക്കാട് സേനയും എത്തിയത്. തീ അണയ്ക്കാൻ വാഹനങ്ങൾ തടഞ്ഞതോടെ പോട്ട-ചാലക്കുടി-കൊരട്ടി മേഖലയിൽ വലിയ ഗതാഗതതടസ്സം നേരിട്ടു. വൈകീട്ട് ഏഴോടെയാണ് വാഹനതടസ്സം കുറഞ്ഞത്. വാഹനങ്ങൾ ബദൽ റോഡിലൂടെ തിരിച്ചുവിട്ടാണ് കുരുക്ക് ഒഴിവാക്കിയത്. തീ അണയ്ക്കാൻ താഴേയ്ക്കു തള്ളിയിട്ട വൈക്കോൽ റോഡിരികിലേക്ക് ഒതുക്കി വഴിയൊരുക്കിയത് കൊരട്ടി മുതൽ ലോറിക്കു പിറകെ എത്തിയ ഓട്ടോഡ്രെവർമാരും ചുമട്ടുതൊഴിലാളികളും നാട്ടുകാരുമാണ്.
English Summary: A lorry carrying hay traveled nearly 20 kilometers while on fire, causing widespread panic from Mala to Chalakudy. The hay caught fire after coming into contact with an 11 KV electric line. Despite realizing the fire, the driver continued to drive for 20 km until reaching Chalakudy South Junction. The Mala Fire Force, which had been chasing the vehicle, finally managed to intercept the lorry as it attempted to turn back and successfully extinguished the flames. Fortunately, no casualties were reported during the high-risk incident


