തലസ്ഥാനത്ത് ആളില്ലാത്ത വീട്ടിൽ മോഷണം; പൊലീസിനെയും നാട്ടുകാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ രക്ഷപെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണം നടത്താൻ ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞെങ്കിലും അക്രമികൾ ഇവർക്ക് നേരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

മഞ്ഞ നിറത്തിലുള്ള ആക്ടീവയിലാണ് രണ്ടംഗ സംഘം മോഷണം നടത്താനായി ആളില്ലാത്ത വീട്ടിൽ എത്തിയത്. ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇവരോട് കാര്യം തിരക്കിയെങ്കിലും മറുപടി പറയാതെ ഇരുവരും സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

അസ്വാഭാവികത തോന്നിയ അയൽക്കാരിലൊരാൾ സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു. ഉടൻ തന്നെ മോഷ്ടാക്കളിലൊരാൾ ബാഗിൽ നിന്ന് തോക്കെടുത്ത് അയൽക്കാരെ ഭീഷണിപ്പെടുത്തി. ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്.

കുളത്തൂർ സ്വദേശിയുടേതാണ് സ്കൂട്ടറെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് ശ്രീകണഠേശ്വരത്ത് വച്ച് ഒരു പൊലീസുകാരൻ ആക്ടീവ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News