കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളിൽ ഒന്നായ പാൽകുളമേട് കീഴടക്കി രണ്ട് വനിതകൾ. കളമശ്ശേരിക്കാരിയായ ആൻഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്‌സി ജോർജ്ജും ബുള്ളറ്റിൽ പാൽകുളമേട് യാത്ര വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി. ഇരുപതുകാരിയായ ആൻഫിയും നാല്പത്തിയാറുകാരിയായ മേഴ്‌സിയും പാൽകുളമേടിലേക്ക് യാത്ര തിരിച്ചപ്പോൾ പിന്തിരിപ്പിക്കാൻ സുഹൃത്തുക്കളും റൈഡർമാരും ശ്രമിച്ചെങ്കിലും പിന്മാറാൻ ഇവർ തയാറായിരുന്നില്ല.
ഓഫ്‌റോഡ് റൈഡ് ധാരാളം നടത്തിയിട്ടുണ്ടെങ്കിലും പാൽക്കുളമേട് ഒരനുഭവം തന്നെയായിരുന്നുവെന്ന് ആൻഫി പറയുന്നു. കൊടുംകാടിനുള്ളിലൂടെയായിരുന്നു യാത്ര. ഏഴു മണിക്കൂറോളം കാടിനുള്ളിൽ തന്നെയായിരുന്നു. ആനകളുടെ താഴ്വാരം എന്നറിയപ്പെടുന്ന കാട്ടിലൂടെയായിരുന്നു രണ്ട് വനിതകൾ മാത്രമടങ്ങിയ സംഘത്തിൻറെ യാത്ര.
ഉരുളൻ കല്ലുകൾ ഉള്ള ഇടുങ്ങിയ പാതകളാണ്. കൂടുതലും ഹെയർ ബിന്നുകൾ. താഴെ ചെങ്കുത്തായ കൊക്ക. ഇതിനിടയിലൂടെയാണ് ബുള്ളറ്റിൽ റൈഡ് നടത്തിയത്. വൈകിട്ട് അഞ്ചരയ്ക്കാണ് പാൽക്കുളമേടിൽ നിന്ന് തിരിച്ചിറങ്ങിയത്. അപ്പോഴേക്കും ഇരുട്ട് വീണു. ആനയുടെ ചിന്നം വിളികളും ഈറ്റ ഓടിക്കുന്ന ശബ്ദങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു. ബുള്ളറ്റിൻറെ വെളിച്ചത്തിൽ മാത്രമാണ് മുന്പിലുണ്ടായിരുന്ന പാത കാണാനായത്. പേടിപ്പെടുത്തുന്ന കാടിന്റെ ശബ്ദം ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെന്ന് ആൻഫി പറഞ്ഞു. 14 കിലോമീറ്ററോളം ഓഫ് റോഡ് ഫസ്റ്റ് ഗിയറിൽ തന്നെയാണ് പോയത്. ബ്രേക്ക് ചെയ്താൽ സ്കിഡ് ചെയ്ത് താഴേക്ക് പോകുന്ന അവസ്‌ഥയായിരുന്നുവെന്ന് ആൻഫി പറഞ്ഞു. ആനയെ കണ്ടാൽ ലൈറ്റ് ഓഫ് ചെയ്ത് കാട്ടിലേക്ക് ഓടിക്കയറണം എന്നായിരുന്നു ഫോറസ്റ്റുകാർ പറഞ്ഞിരുന്നത്. വഴികളിൽ ആവി പറക്കുന്ന ആനപിണ്ഡങ്ങൾ കണ്ടപ്പോൾ ഭയം ഇരട്ടിച്ചു. എട്ടു മണിക്കൂറോളം കൊടും കാട്ടിൽ ആയിരുന്നെങ്കിലും ദൗത്യം പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ആൻഫിയും മെഴ്‌സിയും.
വഴുക്കലും ഉരുളൻ കല്ലുകളും നിറഞ്ഞ ഹെയർപിന്നുകൾ ബുള്ളറ്റിൽ ഓടിച്ചു കയറുക എന്നത് ഏറെ ശ്രമകരമായിരുന്നു എന്ന് ആൻഫി പറയുന്നു. പതിനെട്ടാം വയസിൽ ഏഴായിരം കിലോമീറ്റർ താണ്ടി ബുള്ളറ്റിൽ ഹിമാലയൻ യാത്ര നടത്തി മടങ്ങിയെത്തിയ ആൻഫി മരിയ ബേബിയ്ക്ക് പാൽകുളമേട് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു.
സമുദ്ര നിരപ്പിൽ നിന്ന് 3125 അടി ഉയരമുള്ള പാൽക്കുളമേട് ഇടുക്കി ജില്ലയിലാണ്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്‌ഥലമാണിത്. ഓഫ് റോഡ് റൈഡ് ഇഷ്ടപെടുന്നവർ പാൽക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂർത്തിയാക്കുന്നവർ അപൂർവം. ഉരുളൻ കല്ലുകളും വഴുക്കലും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ തീർത്തും അപകടം നിറഞ്ഞ പാതയാണിത്.ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് പാൽകുളമേട്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടമിടം കൂടിയാണിത്. പക്ഷെ ഓഫ് റോഡ് റൈഡ് ഏറെ ദുർഘടം പിടിച്ചതാണ്. കുന്നിൻ മുകളിലെ ശുദ്ധജല തടാകമാണ് പാൽക്കുളമേട് എന്ന പേര് ലഭിക്കാൻ കാരണം.
caption:
ആംഫിയും മെഴ്‌സിയും പാൽകുളക്കമേട്ടിൽ . ഇവർ രണ്ടുപേരും മാത്രമാണ് സംഘത്തിലുണ്ടായിരുന്നത് എന്നതിനാൽ കല്ലിനു മുകളിൽ ക്യാമറ വച്ചാണ് ഇവർ ഫോട്ടോ എടുത്തത്.