KeralaNews

‘ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം മെയ്ഡ് ഇന്‍ കുന്നംകുളം’; സജീവിനെ വാഹനവുമായി കശ്മീരിലേക്ക് ക്ഷണിച്ച് ഐ.ജി

കുന്നംകുളം: എകെ 47 വരെയുള്ള വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം രാജ്യത്തെ സേനയുടെ ഭാഗമാക്കാന്‍ അനുമതി കാത്ത് പ്രവാസി മലയാളി. കുന്നംകുളം സ്വദേശിയായ സജീവന്‍ കോടത്തൂര്‍ ആണ് ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം നിര്‍മ്മിച്ചിരിക്കുന്നത്. വെടിവച്ചാലും ഏശില്ല. സാധാരണ കൈത്തോക്കില്‍ നിന്നുള്ള വെടിയുണ്ടകള്‍ മുതല്‍ എകെ 47 വരെയുള്ള വെടിയുണ്ടകള്‍ വാഹനം പ്രതിരോധിക്കും.

വാഹനത്തിനകത്തു നിന്ന് പുറത്തേയ്ക്കു വെടിവയ്ക്കാന്‍ ദ്വാരങ്ങളുണ്ട്. മുകള്‍ഭാഗം തുറന്ന് വെടിയുതിര്‍ക്കാനോ ശത്രുക്കളെ ആക്രമിക്കാനോ കഴിയും. മുപ്പത്തിയഞ്ചു ദിവസമെടുത്താണ് വാഹനത്തിന്റെ മാതൃക നിര്‍മിച്ചത്. ജമ്മു കശ്മീരിലെ പോലീസ് ഐജി കശ്മീരിലേക്ക് വാഹനവുമായെത്താന്‍ ക്ഷണിച്ചിട്ടുണ്ട്. കേരള സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സജീവന്‍ പറഞ്ഞു.

പതിനെട്ടു വര്‍ഷം യുഎഇയില്‍ ബുള്ളറ്റ് പ്രൂഫ് വാഹന നിര്‍മാണ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു സജീവന്‍. വിദേശ രാജ്യങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ക്കു ഇത്തരം വാഹനം ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പക്ഷേ, ഇന്ത്യയില്‍ പ്രത്യേക അനുമതി വാങ്ങണം. ആദ്യമായി നിര്‍മിച്ച വാഹനത്തിന്റെ മാതൃക ഇഷ്ടത്തിനനുസരിച്ച് മാറ്റി നിര്‍മിച്ചു നല്‍കും. ഔദ്യോഗികമായി ഇതുനിര്‍മിക്കാന്‍ ഉത്തരവ് കിട്ടാന്‍ കാത്തിരിക്കുകയാണ് സജീവന്‍.

20 വര്‍ഷത്തോളം യു.എ.ഇയിലെ റാസ് അല്‍ ഖൈമയില്‍ 20 ഓളം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഇദ്ദേഹം പോലീസിനായി നിര്‍മ്മിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇറാഖിലേക്കും ഇത്തരത്തിലുള്ള വാഹനങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. പിന്നീട് സേഫ് കേജ് ആര്‍മര്‍ വര്‍ക്സ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയ അദ്ദേഹം ക്വാളിറ്റി പ്രൊഡ്ക്ട്സ് ആന്‍ഡ് ആര്‍മര്‍ സൊല്യൂഷന്‍ (ക്യു പാസ്) എന്ന പേരില്‍ സ്വന്തമായി സ്ഥാപനം 2017 വരെ പ്രവര്‍ത്തിപ്പിച്ചു.

പിന്നീട് മൂന്നരവര്‍ഷം മുമ്പ് നാട്ടിലെത്തി സംരംഭം ആരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് ലോക്ഡൗണെത്തിയത്. വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ ഇത്തരം വാഹനം കയറ്റി അയക്കാനായാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഒരു കൈ സഹായമാകുമെന്നാണ് സജീവന്റെ പ്രതീക്ഷ.

ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കാനും രൂപമാറ്റം വരുത്താനും കയറ്റുമതി ചെയ്യാനും ഇതിനായി വാഹനങ്ങളും ഘടകഭാഗങ്ങളും ഇറക്കുമതി ചെയ്യാനും എല്ലാ ലൈസന്‍സും ഇക്കാലയളവിനിടെ നേടി. വിഐപികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള തരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഇവിടെ നിര്‍മ്മിക്കാനാകുമെന്ന് സജീവന്‍ പറഞ്ഞു. എന്‍ജിന്‍ എഫിഷ്യന്‍സി ഉള്ള വാഹനങ്ങളിലാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി രൂപമാറ്റം വരുത്തുന്നത്.

വേണ്ട സുരക്ഷയുടെ അളവ്, അഡീഷണല്‍ ആക്സസറീസ് എന്നിവ കണക്കാക്കി രൂപമാറ്റം വരുത്താന്‍ മാത്രം മിനിമം 35 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ വില ഉള്‍പ്പെടുത്താതെയാണ് ഇത്രയും ചെലവ് വരിക. നിലവില്‍ ടാറ്റ, മഹീന്ദ്ര, ലെയ്ലാന്‍ഡ് പോലുള്ള വമ്പന്‍മാരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button