മുംബൈ:മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് 28 മണിക്കൂര്‍ പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. മരിച്ചവരില്‍ എട്ട് പേര്‍ രണ്ട് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ്. ഭിവണ്ടി നിസാംപൂര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎന്‍സിഎംസി) ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് വരെ ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോളും തുടരുകയാണ്. പരിക്കേറ്റവരെ ഭിവണ്ടിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ (ഐജിഎം) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കുറഞ്ഞത് 20-25 പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. താഴത്തെ നിലയില്‍ ചില തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നുവെന്നും തങ്ങള്‍ മനസ്സിലാക്കിയതായി ബിഎന്‍സിഎംസിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മിലിന്ദ് പല്‍സുലെ പറഞ്ഞു.
മഹാരാഷ്ട്ര താനെ ജില്ലയിലെ ഭിവണ്ടിയിലെ ധമന്‍കര്‍ നകയിലെ പട്ടേല്‍ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന 36 വര്‍ഷം പഴക്കമുള്ള ഗ്രൗണ്ട് പ്ലസ് മൂന്ന് നിലയുള്ള ജിലാനി കെട്ടിടം തിങ്കളാഴ്ച പുലര്‍ച്ചെ 3.30 നാണ് തകര്‍ന്നുവീണത്. 62 ഓളം ജീവനക്കാര്‍ അപകടസമയത്ത് അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പ്രദേശവാസികലും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ടെന്ന് പല്‍സുലെ പറഞ്ഞു.