KeralaNews

കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി, രണ്ടര മണിക്കൂറോളം നാടിനെ വിറപ്പിച്ചു; ഒടുവില്‍ മയപ്പെടുത്തിയത് എരുമയെ എത്തിച്ച്

കോട്ടയം: കശാപ്പിനായി കൊണ്ടുവന്ന പോത്തിനെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞോടി. രണ്ടര മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്തിനെ മയപ്പെടുത്തിയത് എരുമയെ എത്തിച്ച്. ഇന്നലെ രാവിലെ 9 മണിയോടെ കോതനല്ലൂര്‍ കുഴിയഞ്ചാല്‍ കശാപ്പ് ശാലയ്ക്കു സമീപത്ത് വെച്ച് പോത്ത് വിരണ്ടോടുകയായിരുന്നു.

കശാപ്പ് തൊഴില്‍ ചെയ്യുന്ന ജോയി എന്ന വ്യാപാരിയാണ് ഇതര സംസ്ഥാനത്തു നിന്നും പോത്തുകളെ ലോറിയില്‍ എത്തിച്ചത്. കശാപ്പ് ശാലയ്ക്കു സമീപം റോഡില്‍ പോത്തുകളെ ഇറക്കുന്നതിനിടെ ഒരു പോത്ത് ഇടഞ്ഞ് റോഡിലൂടെ ഓടുകയായിരുന്നു. പിന്നാലെ തൊഴിലാളികളും ഓടി. പോത്ത് കുഴിയഞ്ചാലില്‍ നിന്നും പാറേല്‍ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങി.

പോത്തിന്റെ ആക്രമണത്തില്‍ നിന്നും പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. സംഭവം അറിഞ്ഞ് കടുത്തുരുത്തിയില്‍ നിന്നു അഗ്നിശമന സേനയും സ്ഥലത്ത് എത്തി. എന്നാല്‍ അഗ്‌നിശമനസേനയും പോത്തിന്റെ ഓട്ടത്തില്‍ മുട്ടുകുത്തേണ്ട സ്ഥിതിയിലായി. ഒടുവില്‍ പാടത്തിനു നടുവില്‍ ഇടഞ്ഞു നിന്ന പോത്തിനെ അനുനയിപ്പിക്കാന്‍ കോതനല്ലൂരില്‍ നിന്നു ലോറിയില്‍ ഒരു എരുമയെ എത്തിക്കുകയായിരുന്നു.

ശേഷം എരുമയെ പോത്തിനരികിലേക്ക് അഴിച്ചു വീട്ടു. എരുമയെ കണ്ടതോടെ പോത്ത് എരുമയുടെ പിന്നാലെ കൂടുകയും മയപ്പെടുകയുമായിരുന്നു. ശേഷം, പോത്തിനെ വരുതിയിലാക്കി പിടിച്ചു കെട്ടി വാഹനത്തില്‍ കയറ്റുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button