KeralaNews

മുന്നണി മാറ്റം ആലോചനയില്‍ പോലുമില്ല, എന്‍.സി.പി ഇടതു മുന്നണിയില്‍ തന്നെ തുടരും; റിപ്പോര്‍ട്ടുകള്‍ തള്ളി പിതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും

കോട്ടയം: എന്‍.സി.പി ഇടതുമുന്നണി വിടാനൊരുങ്ങുന്നു എന്ന വാര്‍ത്തയെ തള്ളി നേതൃത്വം. ഇത്തരമൊരു വാര്‍ത്ത ശരിയല്ലെന്നും മുന്നണിമാറ്റം ആലോചനയില്‍പ്പോലും ഇല്ലെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അത്തരമൊരു ചര്‍ച്ച വന്നിട്ടില്ലെന്നും ദേശീയ നേതൃത്വവുമായി ചേര്‍ന്ന് ഇങ്ങനെയൊരു നീക്കം നടത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്ന് മാണി സി കാപ്പനും പ്രതികരിച്ചു. പാലാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ക്ലെയിം ഉണ്ട്. ആ ക്ലെയിം ആവശ്യം വരുമ്പോള്‍ ഉന്നയിക്കും. അത് തരില്ല എന്ന് ഇടതുമുന്നണി പറയാത്തിടത്തോളം കാലം മുന്നണി വിടുന്ന കാര്യം ആലോചിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊരു നീക്കം നടക്കില്ലെന്നും നടന്നാല്‍ തന്നെ എന്‍.സി.പിയിലെ പ്രധാന നേതാക്കളൊന്നും അതിനൊപ്പം നില്‍ക്കില്ലെന്നുമാണ് ശശീന്ദ്രന്‍ പക്ഷം പ്രതികരിച്ചിരിക്കുന്നത്.

എന്‍.സി.പി ഇടതുമുന്നണി വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാണി സി കാപ്പനുമായി ബന്ധപ്പെട്ട ആളുകള്‍ യു.ഡി.എഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

പാലായില്‍ മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും നിയമസഭാ സമ്മേളനത്തിന് ശേഷം മുന്നണി മാറ്റം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെ പ്രഖ്യാപിക്കുമെന്നുമായിരുന്നു ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാണി സി കാപ്പന്‍ നേരിട്ട് ശരദ് പവാറിനെ കണ്ട് ഇതില്‍ അനുമതി വാങ്ങിക്കഴിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ മതിയെന്നാണ് എന്‍.സി.പിയുടെ നിലപാടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് നിയമസഭാ സീറ്റുകള്‍ യു.ഡി.എഫ് എന്‍.സി.പിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതിനിടെ പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി. ജെ ജോസഫ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് വിട്ടുനല്‍കുമെന്നും എന്‍.സി.പി ആയി തന്നെ കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button