ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള യുവതീയുവാക്കളെ പാട്ടിന്റെ ഉന്‍മാദത്തിലേക്ക് നയിയ്ക്കുന്ന
മ്യൂസിക് ചാര്‍ട്ടുകളിലെ കൊടുങ്കാറ്റ് ബിടിഎസ് ഇനി ഇല്ല. കെ- പോപ് അതിര്‍ത്തികളില്ലാത്ത സംഗീതമാക്കി ലോകപ്രശസ്തി നേടിയ ഏഴംഗ കൊറിയന്‍ ബോയ് ബാന്‍ഡ് ‘ബിടിഎസ്’ ദീര്‍ഘകാല ഇടവേള പ്രഖ്യാപിച്ചു. ബാന്‍ഡ് ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെയാണ് ഈ തീരുമാനമെന്നത് ആരാധര്‍ക്ക് ഞെട്ടലായി. ലോകത്തിന്റെ ഏതു കോണിലിരുന്നും ബിടിഎസ് എന്ന ഒറ്റവികാരത്തില്‍ ഒരുമിച്ച ആരാധകര്‍ക്കു കണ്ണീര്‍നിമിഷങ്ങള്‍ ബാക്കി.
ബിടിഎസ് വാര്‍ഷികാഘോഷ വേളയിലെ ആഹ്ലാദനിമിഷങ്ങളില്‍ തന്നെയാണ് വിടവാങ്ങലിനു സമാനമായ പ്രഖ്യാപനമെന്നത് സംഗീതലോകത്തിനും ആരാധകര്‍ക്കും വേദനയായി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ ആല്‍ബം പുറത്തിറക്കിയാണ് ബിടിഎസ് ഒന്‍പതാം വാര്‍ഷികം അവിസ്മരണീയമാക്കിയത്. വാര്‍ഷിക ദിനമായ ജൂണ്‍ 13ന് ആരാധകര്‍ക്കായി ആല്‍ബത്തിലെ ടൈറ്റില്‍ ട്രാക്ക്് ‘യെറ്റ് ടു കം’ ഉള്‍പ്പെടെയുള്ള ഗാനങ്ങളുടെ ലൈവ് സ്ട്രീമിങ്ങും നടത്തി. തുടര്‍ന്ന് വാര്‍ഷികവിരുന്നായ ‘ഫീസ്റ്റ ഡിന്നറി’നിടെയാണ് സംഗീതലോകത്തു നിന്ന് ബാന്‍ഡ് എന്ന നിലയില്‍ അല്‍പം നീണ്ട ഇടവേളയെടുക്കാനുള്ള തീരുമാനം ബിടിഎസ് ആരാധകരെ അറിയിച്ചത്. ഈ ഇടവേളയില്‍ അംഗങ്ങള്‍ സോളോ സംഗീതത്തില്‍ ശ്രദ്ധ േകന്ദ്രീകരിക്കുമെന്നും അതിനു ശേഷം തിരിച്ചുവരവുണ്ടാകുമെന്നും സംഘം പറഞ്ഞു. ബിടിഎസിന്റെ വിടവാങ്ങല്‍ എന്ന രീതിയില്‍ ഈ പ്രഖ്യാപനം ആഗോള ശ്രദ്ധ നേടിയതോടെ ഇവരുടെ കമ്പനിയായ ഹൈബ് എന്റര്‍ടെയ്‌മെന്റ് വിശദീകരണക്കുറിപ്പിറക്കി. ബിടിഎസ് ബാന്‍ഡ് പൂര്‍ണമായ ഇടവേളയിലേക്കു പോകുമെന്ന് അര്‍ഥമില്ലെന്നും ഒരുമിച്ചും വ്യക്തിപരവുമായ വിവിധ സംഗീത പ്രോജക്ടുകള്‍ ചെയ്യുമെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിടിഎസിന്റെ പുതിയ ആല്‍ബം പുറത്തിറങ്ങുന്ന ആദ്യ സെക്കന്‍ഡുകളില്‍ തന്നെ അതു റെക്കോര്‍ഡ് നേട്ടത്തിലെത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ പോപ് ആരാധക സംഘമായ ‘ആര്‍മി’ ഇനിയുണ്ടാകുമോ? ഇതിനു മറുപടി പറയാനാകാത്ത അവസ്ഥയിലാണിപ്പോള്‍ ആരാധകര്‍. തീര്‍ത്തും അപ്രതീക്ഷിതമായ തീരുമാനമാണിതെന്നു പറയാനാകില്ലെങ്കിലും അനിവാര്യമായ നിമിഷങ്ങളിലേക്കെത്തിയപ്പോള്‍ ബിടിഎസ് താരങ്ങളും ആര്‍മിയും ഒരുപോലെ വേദനയിലായി.
പുതിയ ആല്‍ബം ആന്തോളജിയാണെന്നതും ഒന്‍പതു വര്‍ഷത്തെ കരിയറിലെ പ്രധാന പാട്ടുകളെല്ലാം ഉള്‍പ്പെടുത്തിയുളളതാണെന്നും അറിഞ്ഞപ്പോള്‍ തന്നെ മറ്റെന്തോ വരാനിരിക്കുന്നു എന്ന തോന്നലിലായിരുന്നു ആരാധകര്‍. അതിനു പിന്നിലെ ആശങ്ക ബാന്‍ഡിലെ മുതിര്‍ന്ന താരമായ ജിനിന്റെ പ്രായത്തെക്കുറിച്ചുള്ളതായിരുന്നു. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനമെന്ന നിയമം ബിടിഎസിനു വേണ്ടി അല്‍പം നീട്ടിക്കൊടുത്തതാണ്. എന്നെങ്കിലും ഒരിക്കല്‍ ബാന്‍ഡ് അംഗങ്ങളെല്ലാം തന്നെ സൈനിക സേവനം ചെയ്യേണ്ടി വരും. ഇതു ബിടിഎസും ആര്‍മിയും ഒരുപോലെ മനസ്സിലാക്കിയിരുന്ന സത്യമാണ്. ആരാധകരോടുള്ള ലൈവ് ചാറ്റിലെല്ലാം തന്നെ രാജ്യത്തെ നിയമനനുസരിക്കേണ്ട ബാധ്യതയും അതിനുള്ള താല്‍പര്യവും ബിടിഎസ് തുറന്നു പറയാറുള്ളതാണ്. സൈനിക േസവനം ഒഴിവാക്കണമെന്ന ആവശ്യം ഒരിക്കലും ബിടിഎന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ആരാധകര്‍ക്കും ഉറപ്പായിരുന്നു.
എന്നാല്‍ ആര്‍മയുടെ പ്രതീക്ഷ ഉയര്‍ത്തിയ മറ്റു പല ഘടകങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേതു പോലെ ബിടിഎസിനു മാത്രമായി സൈനിക സേവന പ്രായപരിധി നീട്ടിക്കൊടുത്തേക്കുമെന്നതായിരുന്നു ഒന്നാമത്തേത്. ആരാധകരുമായുള്ള ലൈവ് ചാറ്റിനിടെ ‘തങ്ങള്‍ നാല്‍പാതം വയസ്സിലും നാടെങ്ങും പാട്ടുംപാടി നടക്കുകയാകും’ എന്ന് സൂഗ പറഞ്ഞത് ബാന്‍ഡിന്റെ നിലനില്‍പിന്റെ അപകടപ്പെടുന്ന ഘടകങ്ങള്‍ ഒഴിവായതാകുമെന്ന സൂചന ആര്‍മിക്കു നല്‍കി. ബിടിഎസ് അംഗങ്ങളും കമ്പനിയുമായി (ഹൈബ്) 2027 വരെയുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നുള്ളതും ആരാധര്‍ക്കു പ്രതീക്ഷയ്ക്കു വക നല്‍കുന്നതായിരുന്നു.
7-1 എന്നാല്‍ 0 ആണ്. ഒരാള്‍ പോയാല്‍ മറ്റുള്ളവര്‍ മാത്രമായി ബിടിഎസ് ഉണ്ടാകില്ല എന്നു പറഞ്ഞിരുന്ന കടുത്ത ആര്‍മി പോലും ബിടിഎസ് പിരിഞ്ഞുപോകുമെന്നോ ഇടവേളയെടുക്കുമെന്നോ സംശയിച്ചിരുന്നില്ല. ഇനിയും കുറെക്കാലം കൂടി ഇതുപോലെ സംഗീതത്തിന്റെ ആഹ്ലാദ അലകള്‍ തീര്‍ത്ത് ബിടിഎസ് ലോക വേദിയിലുണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം.
ബിടിഎസിന്റെ പാട്ടുകള്‍ എന്നും നിലനില്‍ക്കും. പക്ഷേ ലോകത്തെ ഏതു കോണിലിരുന്നും ഒരേ വികാരത്തില്‍ ഒരുമിച്ച്, താരങ്ങളുമായി നേരിട്ടു സംവദിച്ചിരുന്ന ആരാധക സംഘത്തിന് ബിടിഎസ് ഇല്ലാതെ നിലനില്‍ക്കാനാകുമോ? ഏഴു പേരല്ലാതെ ഓരോരുത്തരെന്ന നിലയില്‍ ആര്‍മിയെ കൂടെകൂട്ടി മുന്നോട്ടുപോകാന്‍ ബിടിഎസ് മാന്ത്രിക സമവാക്യങ്ങള്‍ ഒരുക്കുമോ ? കാത്തിരുന്നു കാണാം.
ബിടിഎസ് ഇടവേള പ്രഖ്യാപിക്കാനുള്ള കാരണമെന്ത്? ബാന്‍ഡ് ലീഡറായ ആര്‍എം പറഞ്ഞു പോലെ ‘ബാന്‍ഡ് എന്ന നിലയില്‍ ഇനിയെന്ത്?’ എന്ന സംശയത്തിലെത്തിയതാണോ കാരണം. അതോ സൈനിക സേവനത്തിനായി ഒരംഗം പോകുന്ന ഇടവേളയില്‍ വ്യക്തിപരമായ സംഗീതവളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണോ?
”ഓണ്‍, ഡൈനറ്റ് എന്നിവ ചെയ്യുമ്പോഴെല്ലാം ബിടിഎസ് എന്ന ബാന്‍ഡിന്റെ ഭാവി എന്റെ കയ്യിലുണ്ടായിരുന്നു. പക്ഷേ ബട്ടര്‍, പെര്‍മിഷന്‍ ടു ഡാന്‍സ് എന്നിവ ചെയ്യുമ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇനിയെങ്ങോട്ടാണ് പോകുന്നത്, എന്താണ് പറയേണ്ടത്, ബാന്‍ഡ് എന്ന നിലയില്‍ ഞങ്ങളെന്താണ് . കൊറിയയിലെ ഐഡല്‍ സംസ്‌കാരത്തില്‍ നമുക്കു വളരാനുള്ള സാവകാശം കിട്ടുന്നില്ല. സംഗീതം ചെയ്തുകൊണ്ടേയിരിക്കുന്നു. ഞാനിന്ന് പഴയ എന്നില്‍നിന്നു വ്യക്തിപരമായും അല്ലാതെയും മാറിയിരിക്കുന്നു. ഇനിയെന്നെ തന്നെയും സംഗീതത്തെയും കൂടതലായി കണ്ടെത്തണം?’ ആര്‍എം പറയുന്നു.
‘പാട്ടിനു വരികളെഴുതുകയായിരുന്നു ഏറ്റവും കഠിനം. ഞങ്ങളുടെ പാട്ടുകളിലുടെ ഇനിയെന്തു കഥ പറയും, എന്തു സന്ദേശമാണ് ഇനിയും നല്‍കേണ്ടത് എന്ന ചിന്ത ബുദ്ധിമുട്ടേറിയതായിരുന്നു. വരികളെ ബലം പ്രയോഗിച്ച് ഉണ്ടാക്കിയെടുക്കുക എന്ന സ്ഥിതി വളരെ ബുദ്ധിമുട്ടേറിയതാണ്’, സുഗ പറഞ്ഞു.
വി പറഞ്ഞു, ‘ ജെ ഹോപ്പാണ് ഇതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. നമുക്കു കുറച്ചുകാലത്തേക്കു വ്യക്തിപരമായ സംഗീതത്തില്‍ ശ്രദ്ധിക്കാം. പിന്നീട് നമ്മള്‍ ഒരുമിച്ചെത്തുമ്പോള്‍ അതു എക്കാലത്തേക്കാളും മികച്ചതാക്കാനാകും’. സംസാരം പൂര്‍ത്തിയാക്കും മുമ്പ് ഷുഗ ഉറപ്പു പറഞ്ഞു, ”ബിടിഎസ് ഡിസ്ബാന്‍ഡ് ചെയ്യുകയല്ല. ഞങ്ങള്‍ പിരിയുകയല്ല’
ഈ വാര്‍ത്ത പൂര്‍ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കിലും ആര്‍മി ഒരുകാര്യത്തില്‍ ആശ്വസിക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ചും വിചാരങ്ങളെക്കുറിച്ചും ആരാധകരുമായി സത്യസന്ധമായി തുറന്നുസംസാരിക്കാന്‍ ബിടിഎസ് അംഗങ്ങള്‍ തയാറായല്ലോ. വീണ്ടും വരും എന്ന ഉറപ്പില്‍ വിശ്വസിക്കാനാണ് ആര്‍മിയുടെ ആഗ്രഹവും.
ബിടിഎസ് അംഗങ്ങള്‍ സോളോ പ്രോജക്ടുകള്‍ പലപ്പോഴായി ചെയ്തിട്ടുണ്ട്. കൊറിയന്‍ സിനിമയിലും ഡ്രാമയിലും ഉള്‍പ്പെടെ സംഗീത രംഗത്തും അഭിനയരംഗത്തും വരെ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇത്തവണ ഷുഗയുടെ നിര്‍മാണത്തില്‍ മുന്‍കാല കെപോപ് താരമായ ‘സൈ’ ദാറ്റ് ദാറ്റ് എന്ന പാട്ടിലൂടെ തിരിച്ചുവരവു നടത്തി. സുഗ ഇതില്‍ പാടുകയും ഇരുവരും ചേര്‍ന്നുള്ള മ്യൂസിക് ആല്‍ബം ഒരുക്കുകയും ചെയ്തിരുന്നു.
ബിടിഎസിന്റെ ഇടവേള പ്രഖ്യാപനത്തിനു ശേഷം ആദ്യത്തെ സോളോ പെര്‍ഫോമന്‍സ് നടത്തുക ബാന്‍ഡ് ലീഡ് ഡാന്‍സറും റാപ്പറുമായ ജെ ഹോപ് ആകുമെന്നുറപ്പായി. ജൂലൈയില്‍ നടക്കുന്ന ലോകത്തിലെ തന്നെ പ്രധാന മ്യൂസിക് ഫെസ്റ്റിവലായ ലോലാപാലൂസയില്‍ ജെ ഹോപ് പങ്കെടുക്കും. ഇതില്‍ പങ്കെടുക്കുന്ന ആദ്യ കൊറിയന്‍ പോപ് താരം കൂടിയാകും ജെ ഹോപ്. ബിടിഎസിലെ മറ്റുതാരങ്ങളുടെ പുതിയ പദ്ധതികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പുതിയ ആല്‍ബം ‘യെറ്റ് ടു കം’ ടൈറ്റില്‍ ട്രാക്കില്‍ ബിടിഎസ് പാടിയതു പോലെ ഏറ്റവും മനോഹരമായ നിമിഷം, ഇനി വരാനിരിക്കുന്നതാണ്. ആ പ്രതീക്ഷയിലാണ് ആരാധക ലോകം.