സാമ്പത്തിക പ്രതിസന്ധി; ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന് മന്ത്രി ട്രോളിക്കൊന്ന് പാക്കിസ്ഥാനികള്‍
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. ‘ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാന്‍ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങള്‍ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യര്‍ഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷം പാക്കിസ്ഥാനിലെ ജനങ്ങള്‍ 400 ദശലക്ഷം യുഎസ് ഡോളര്‍ തുകയ്ക്കുള്ള ചായ കുടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1300 കോടി രൂപയാണു തേയില ഇറക്കുമതി ചെയ്യാന്‍ ഈ സാമ്പത്തികവര്‍ഷം പാക്കിസ്ഥാന്‍ ചെലവഴിച്ചത്.
ഇത് കുറയ്ക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ജനം ഉന്നയിക്കുന്നത്. ഇത്തരമൊരു നടപടിയുടെ ഭാഗമാവാനില്ലെന്ന് പലരും ട്വീറ്റ് ചെയ്തു.
നിലവില്‍ രൂക്ഷമായ സാമ്പത്തിക തളര്‍ച്ച നേരിടുന്ന ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതി രാജ്യത്തെ തേടിയെത്തിയേക്കാമെന്ന് പാക്കിസ്ഥാന്‍ ധനകാര്യ മന്ത്രി മിഫ്ത്താ ഇസ്മയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, രാജ്യത്തെ ചന്തകള്‍ രാത്രി 8.30നു അടയ്ക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി.