ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച എം.എല്‍.എക്കെതിരെ കര്‍ശന നടപടിയുമായി ബി.എസ്.പി. മധ്യപ്രദേശിലെ പത്താരിയയില്‍നിന്നുള്ള എംഎല്‍എ രമാഭായ് പരിഹാറിനെയാണ് ബിഎസ്പി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മണ്ഡലത്തില്‍ നടന്ന പരിപാടിക്കിടെയാണ് രമാഭായ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍ വേദിയിലിരിക്കുമ്പോഴായിരുന്നു ബിഎസ്പി എംഎല്‍എ വിവാദ നിയമത്തെ പുകഴ്ത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിന് സുഗമമായ പാത ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുകയാണെന്ന് ഇവര്‍ ചടങ്ങില്‍ പറഞ്ഞു. നേരത്തെ എടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനമായിരുന്നു. എന്നാല്‍ മുന്‍പ് അധികാരത്തില്‍ ഉണ്ടായിരുന്നവര്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരായിരുന്നു. താനും തന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണെന്നും അവര്‍ പ്രഖ്യാപിച്ചു. രമാഭായിയെ പാര്‍ട്ടി പരിപാടികളില്‍നിന്നും വിലക്കിയിട്ടുണ്ട്. മായാവതിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.