തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം വിതുരയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചുപോയി. മണലിയില്‍ വാമനപുരം നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്.
ജില്ലയില്‍ കഴിഞ്ഞ രാത്രിമുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. തീരപ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറവും വയനാടും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍, മണിയാര്‍, കല്ലാര്‍കുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ന്യൂനമര്‍ദം ശക്തമായതോടെ പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. ജില്ലയില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര പ്രദേശങ്ങളില്‍ ചിലയിടങ്ങില്‍ ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.