30 C
Kottayam
Tuesday, May 14, 2024

കൊറോണയുടെ പേരില്‍ രണ്ടു തവണ വിവാഹം മാറ്റിവെച്ചു; ഒടുവില്‍ ക്ഷമകെട്ട യുവാവും യുവതിയും ഒളിച്ചോടി

Must read

ചെന്നൈ: കൊറോണയെ തുടര്‍ന്ന് വിവാഹം ഉള്‍പ്പെടുള്ള നിരവധി പൊതുചടങ്ങുകളാണ് മാറ്റിവെക്കേണ്ടി വന്നത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വളരെ ലളിതമായി വിവാഹം നടത്തി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്.

ഇത്തരത്തില്‍ കൊറോണ കാലത്തെ വിവാഹം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പേരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം രണ്ടു തവണ മാറ്റിവെച്ചു. ഒടുവില്‍ ക്ഷമകെട്ട പ്രതിശ്രുത വരനും വധുവും രണ്ടും കല്‍പ്പിച്ച് ഒളിച്ചോടിയിരിക്കുന്നു.

ഫോണിലുടെ കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്ത ഇരുവരും ഒടുവില്‍ വീട്ടുകാരാറിയാതെ കഴിഞ്ഞ ദിവസം ആ തീരുമാനം നടപ്പാക്കുകയായിരുന്നു. പ്രതിശ്രുത വധുവും വരനും കൂടി ഒളിച്ചോടി. തമിഴ്‌നാട്ടിലാണ് സംഭവം. കന്യാകുമാരി തിങ്കള്‍ചന്തയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ 20 വയസ്സുള്ള പെണ്‍കുട്ടിയാണ് പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത്. വരന്‍ നാഗര്‍കോവിലില്‍ നിന്നുള്ള 28-കാരനും.

നാലുമാസം മുമ്പാണ് രക്ഷിതാക്കള്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. മാര്‍ച്ച് 25-ന് വിവാഹം നടത്താന്‍ ദിവസം നിശ്ചയിച്ച്, ക്ഷണക്കത്തും തയ്യാറാക്കി. ഇതിനിടെയാണ് കൊവിഡ്-19 വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്. ഇതോടെ വിവാഹം ഏപ്രിലിലേക്കു മാറ്റിവയ്ക്കാന്‍ ഇരുവരുടെയും രക്ഷിതാക്കള്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ നീട്ടിയതോടെ വിവാഹം വീണ്ടും മാറ്റിവച്ചു. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. വരന്റെയും വധുവിന്റെയും ക്ഷമ നശിച്ചതും ഒളിച്ചോട്ടം എന്ന തീരുമാനത്തിലേക്ക് എത്തി.

ഞായറാഴ്ച വൈകുന്നേരം വീടിനടുത്തുള്ള തോട്ടത്തില്‍ പോയ പ്രതിശ്രുത വധു വളരെനേരം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. ഇതോടെ വീട്ടുകാര്‍ പല സ്ഥലത്തും തിരക്കി. ഒടുവിലാണ് മകള്‍ എഴുതിയ കത്ത് രക്ഷിതാക്കള്‍ക്കു ലഭിച്ചത്. ‘നിശ്ചയിച്ച വിവാഹം രണ്ടു പ്രാവശ്യം മാറ്റിവച്ചത് ഞങ്ങളെ മാനസികമായി വളരെ വിഷമത്തിലാക്കി. ഞാന്‍ എനിക്കുവേണ്ടി നിശ്ചയിച്ച ആളുമായി പോകുന്നു’ എന്ന് കത്തില്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഇരു വീട്ടുകാരും ഒളിച്ചോടിയ മക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week