തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നാണ് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ കുറ്റസമ്മത മൊഴി. ജോലി വാഗ്ദാനം ചെയ്ത് സെക്രട്ടറിയേറ്റിന് സമീപം വച്ച് ഒരു ലക്ഷം രൂപ മന്ത്രിയുടെ പി.എ ക്ക് നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ പരാതി.
വ്യാജ ആരോപണത്തെക്കുറിച്ച് പരസ്പര വിരുദ്ധ മൊഴികളാണ് ഹരിദാസന്‍ നല്‍കുന്നതെന്ന് പൊലീസ്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. കന്റോൺമെൻറ് പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. പണം കൈമാറ്റമോ ആൾമാറാട്ടമോ നടന്നിട്ടില്ലെന്നും ഹരിദാസനെ കേസിൽ പ്രതി ചേർത്തേക്കുമെന്നും പൊലീസ് പറഞ്ഞു.
പണം നൽകിയ രീതി, വ്യക്തി, സമയം, സ്ഥലം എന്നീക്കാര്യങ്ങളെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുള്ള ആളാണ് ഹരിദാസ്. നിയമനക്കോഴ ആരോപണത്തിന് പിന്നാലെ ഹരിദാസൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മലപ്പുറത്തെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്ന സമയത്തും ഇയാളുടെ മൊഴിയും പ്രവർത്തികളും സംശയത്തിന്റെ നിഴലിലാണ്.
ചിത്രങ്ങൾ കാണിച്ച് അഖിൽ മാത്യുവിനെ തിരിച്ചറിഞ്ഞ ഹരിദാസൻ, പിന്നീട് കാഴ്ചക്ക് പ്രശ്നമുണ്ട് അത് അഖിൽ മാത്യുവാണോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. അഖിൽ മാത്യുവും ഹരിദാസനും തമ്മിൽ കണ്ടിട്ടില്ല എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ടവർ ലോക്കേഷനിൽ നിന്നും പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
അതിന് പിന്നാലെ ബാസിത്തിനൊപ്പം ചോദ്യം ചെയ്യാൻ ഹാജരാകാതെ ഹരിദാസൻ ഒഴിഞ്ഞുമാറി, പൊലീസിൽ നിന്നും ഒളിച്ചു നടത്തുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിക്ക് ഹാജരായ ഹരിദാസൻ ഒന്നും ഓർമ്മയില്ല എന്നായിരുന്നു മൊഴി നൽകിയത്. പണം നൽകിയെന്ന് ഹരിദാസൻ പറയുന്ന സ്ഥലത്തെത്തിച്ചപ്പോഴും ഹരിദാസൻ പറഞ്ഞത്, പ്രസ് ക്ലബിന്റെ അപ്പുറത്ത് വെച്ചാണ് പണം നൽകിയത് എന്നായിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് കഴിഞ്ഞ ഒൻപത് മണിക്കൂറായി ഹരിദാസനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്.
അഖിൽ മാത്യുവിന് എന്നല്ല, ആർക്കും പണം നൽകിയിട്ടില്ല എന്ന് ഒടുവിൽ ഹരിദാസൻ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഏപ്രിൽ 11 ന് സെക്രട്ടറിയേറ്റിലെ അനക്സിൽ വന്നിട്ടുണ്ട്. പക്ഷേ സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിച്ചിട്ടില്ല എന്നാണ് ഇപ്പോൾ ഇയാൾ നൽകിയിരിക്കുന്ന മൊഴി. ആരെയും കണ്ടിട്ടില്ല, ആർക്കും പണം നൽകിയിട്ടില്ലെന്നും ഇയാൾ പറയുന്നു.
അതേ സമയം ആരോഗ്യമന്ത്രിയുടെ പിഎയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ വലിയൊരു ഗൂഢാലോചന ഉണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത് വിശദമായ ചോദ്യം ചെയ്യൽ നാളെയും തുടരും. രഹസ്യ മൊഴിയെടുത്ത് ഇയാളെ പ്രധാന സാക്ഷിയാക്കാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം.