45 ശതമാനം തൊഴിലില്ലായ്മ,വൈദ്യുതി 13 മണിക്കൂര്‍, 96 ശതമാനം വെള്ളം കുടിയ്ക്കാന്‍ യോഗ്യമല്ല’ഭൂമിയിലെ തുറന്ന ജയില്‍’ഗാസയുടെ കഥയിങ്ങനെ
ഗാസ സിറ്റി: ഇസ്രായേലിനോട് സാമ്പത്തികമായോ സായുധമായോ ഒരിക്കലും കിടപിടിക്കാന്‍ പറ്റാത്ത രാജ്യമാണ് പലസ്തീന്‍. പലസ്തീനിലെ ചെറു പ്രദേശമാണ് ഗാസ. ഇവിടെ മാത്രമാണ് ഹമാസിന് അധികാരം. 45 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള ഗാസ 17 വര്‍ഷമായി ഇസ്രായേലിന്റെ ഉപരോധത്തിലാണ്. ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കൂടെയുണ്ട്.
ശനിയാഴ്ച യുദ്ധം തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകളാണ് ഗാസയിലെ അഭയാര്‍ഥി ക്യാംപിലേക്ക് താമസം മാറിയത്. ഇന്ന് രണ്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഇസ്രായേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ വിവരം ഗാസ ആരോഗ്യ വകുപ്പ് വൈകാതെ പുറത്തുവിടും. ഗാസയെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ ആരും ആശ്ചര്യപ്പെടും.
ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള പ്രദേശങ്ങളിലൊന്നാണ് ഗാസ. 45 ശതമാനം വരും തൊഴിലില്ലായ്മ. അതായത് പകുതി പേര്‍ക്കും തൊഴിലില്ലെന്ന് ചുരുക്കം. യുനിസെഫിന്റെ കണക്ക് പ്രകാരം ഗാസയില്‍ ലഭിക്കുന്ന 96 ശതമാനം വെള്ളവും കുടിക്കാന്‍ യോഗ്യമല്ല. ഒരു ദിവസം 13 മണിക്കൂര്‍ മാത്രമേ ഇവിടെ വൈദ്യുതി ലഭിക്കുന്നുള്ളൂ എന്ന് യുഎന്‍ പറയുന്നു
ഗാസയുടെ രണ്ടു ഭാഗം ഇസ്രായേലാണ്. ഒരു ഭാഗം ഈജിപ്തും. മറ്റൊരു ഭാഗത്ത് കടലാണ്. 17 വര്‍ഷമായി ഗാസയെ ഇസ്രായേല്‍ ഉപരോധിക്കുന്നു. ഇസ്രായേലിന്റെ പരിശോധന കൂടാതെ ഒരാള്‍ക്ക് പോലും ഗാസയിലേക്ക് കടക്കാനോ പുറത്തുപോകാനോ സാധ്യമല്ല. ഭൂമിയിലെ തുറന്ന ജയില്‍ എന്നാണ് ഗാസയെ വിശേഷിപ്പിക്കാറ്. 1998ല്‍ ഇവിടെ യാസര്‍ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നിരുന്നു. 2001ല്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു.
നിലവില്‍ ഗാസയില്‍ വിമാനത്താവളം ഇല്ല. ഈജിപ്ത് വഴിയോ ഇസ്രായേല്‍ അനുമതി വാങ്ങിയോ ആണ് ഗാസയില്‍ പ്രവേശിക്കാനാകുക. ഇവിടെയുള്ളവര്‍ ജോലിക്ക് പോകുന്നത് ഇസ്രായേലിലാണ്. കഴിഞ്ഞ മാസം ഇസ്രായേല്‍ സൈന്യം ഇത് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യുദ്ധം തുടങ്ങിയതോടെ വൈദ്യുതിയും വെള്ളവും തടയുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2006ലാണ് ഗാസയില്‍ അവസാനം പൊതു തിരഞ്ഞെടുപ്പ് നടന്നത്. വലിയ ഭൂരിപക്ഷത്തില്‍ ഹമാസ് അധികാരത്തിലെത്തി. ഇതോടെ ഗാസക്കെതിരെ ഇസ്രായേല്‍ ഉപരോധം പ്രഖ്യാപിച്ചു. 23 ലക്ഷം ജനങ്ങളാണ് ഈ കൊച്ചുപ്രദേശത്ത് താമസിക്കുന്നത്. എല്ലാവര്‍ക്കും വീടില്ല. ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് നിരവധി കുടുംബങ്ങള്‍ ഒരുമിച്ചാണ് താമസം. എല്ലാ കുടുംബങ്ങള്‍ക്കും ഓരോ വീട് വയ്ക്കാന്‍ സൗകര്യമില്ല എന്നത് വേറെ കാര്യം. 64 ശതമാനം വീട്ടുകാര്‍ക്കും ഭക്ഷ്യ സുരക്ഷയില്ല.
ലോകത്ത് ഇത്രയധികം ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലം അപൂര്‍വമാണ്. നോര്‍ത്ത് ഗാസ, ഗാസ സിറ്റി, ദെയ്‌റുല്‍ ബലാഹ്, ഖാന്‍ യൂനുസ്, റഫാ എന്നിവയാണ് ഗാസയിലെ പ്രധാന സ്ഥലങ്ങള്‍. ഹമാസ് അധികാരത്തിലെത്തിയ ശേഷം അഞ്ചാമത്തെ യുദ്ധമാണിത്. 2008ലെ യുദ്ധം 23 ദിവസം നീണ്ടു. 2012ലേത് എട്ട് ദിവസവും 2014ലേത് 50 ദിവസവും 2021ലേത് 11 ദിവസവും നീണ്ടു.
ഗാസയില്‍ ജനസംഖ്യ കൂടുതലായതിനാല്‍ എവിടെ ബോംബ് വീണാലും മരണസംഖ്യ കൂടും. പലസ്തീനിലെ മറ്റു പ്രദേശങ്ങള്‍ ഇസ്രായേല്‍ കൈയ്യേറിയതോടെ പലരും ഗാസയിലേക്ക് താമസം മാറ്റുകയായിരുന്നു. യുഎന്നിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇവിടെയുണ്ട്. പലപ്പോഴും അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിക്കാനാണ് ഈ കലാലയങ്ങളുടെ നിയോഗം. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായമാണ് ഗാസയ്ക്കുള്ള ആശ്വാസം.