KeralaNews

സെൽഫി എടുക്കുന്നതിനിടെ പുത്തൻ ഐഫോൺ കുളത്തിൽ വീണു; അഗ്നിരക്ഷാസേന മുങ്ങിയെടുത്തു

മലപ്പുറം: സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ യുവാവിന്‍റെ പുതിയ ഐഫോൺ മുങ്ങിയെടുത്ത് നൽകി പെരിന്തൽമണ്ണയിലെ അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്‍റെ ഐഫോൺ 12 പ്രോ ആണ് ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിൽ വീണു പോയത്.

ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു ശരത്ത്. ഇവിടെ നിന്ന് സെൽഫിയെടുക്കുന്നതിനിടെയാണ് ശരത്തിന്‍റെ പുതിയ ഐഫോൺ 12 പ്രോ വെള്ളത്തിൽ വീണത്. ഉടൻ തന്നെ ശരത്തും സുഹൃത്തുക്കളും കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷസേന ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടെ നിന്ന് ഉദ്യോഗസ്ഥർ എത്തി സ്കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. 8 മീറ്ററോളം ആഴമുള്ള കുളത്തിൽ ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്.
ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമ‍ാരായ പി.മുഹമ്മദ് ഷിബിൻ, എം.കിഷോർ എന്നിവരാണ് സ്കൂബ സെറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്തി ഫോൺ വീണ്ടെടുത്ത് നൽകിയത്.

യുവാവിന്‍റെ നിസഹായ അവസ്ഥയും വലിയ വിലയുടെ ഫോണും, സ്റ്റേഷന്‍റെ അടുത്തുള്ള പ്രദേശമായതുകൊണ്ടാണ് കുളത്തിൽ തിരച്ചിൽ നടത്താൻ തങ്ങൾ എത്തിയതെന്ന് തിരച്ചിലിന് നേതൃത്വം നൽകിയ അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഈ അടുത്തകാലത്താണ് ഒരു ലക്ഷത്തിൽ കൂടുതൽ രൂപ ചെലവഴിച്ച് ശരത്ത് ഈ ഫോൺ വാങ്ങിയത്.

ഉപയോഗിച്ച് കൊതി തീരുന്നതിനു മുമ്പാണ് ഫോൺ ഇന്നലെ ക്ഷേത്രക്കുളത്തിൽ വീണത്. ഫോൺ നഷ്ടമായത്തോടെ വലിയ സങ്കടത്തിലായിരുന്നു ശരത്ത്. ഫോണിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫോൺ വീണ്ടെടുക്കാൻ കൂടെ നിന്ന് സഹായിച്ച അഗ്നിരക്ഷസേന ഉദ്യോഗസ്ഥരോട് വളരെയധികം നന്ദിയുണ്ട് എന്ന് ശരത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button